ബിജെപി-ജെഡിഎസ് സഖ്യം; പിണറായി വിജയന്‍ പിന്തുണ നല്‍കിയെന്ന് പറഞ്ഞിട്ടില്ല; പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് എച്ച്ഡി ദേവഗൗഡ

സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിരോധത്തിലാക്കിയ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് എച്ച്ഡി ദേവഗൗഡ. ജെഡിഎസ് ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നത് പിണറായി വിജയന്റെ പിന്തുണയോടെ ആയിരുന്നുവെന്നാണ് ദേവഗൗഡ ആദ്യം വെളിപ്പെടുത്തിയത്. ദേവഗൗഡയുടെ പ്രസ്താവന വന്നതോടെ സംഭവം വിവാദമായിരുന്നു. എന്നാല്‍ പിണറായി വിജയന്‍ പിന്തുണ നല്‍കിയെന്ന് പറഞ്ഞിട്ടില്ലെന്നാണ് ദേവഗൗഡ ഒടുവില്‍ പ്രതികരിച്ചത്.

ജെഡിഎസ് കേരള ഘടകം സിപിഎമ്മിന് ഒപ്പം നില്‍ക്കുന്നെന്നാണ് താന്‍ പറഞ്ഞതെന്നും എന്‍ഡിഎ ബന്ധത്തില്‍ കര്‍ണാടകയ്ക്ക് പുറത്തുള്ള സംസ്ഥാന ഘടകങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും എച്ച്ഡി ഗേവഗൗഡ പറഞ്ഞു. കര്‍ണാടകയില്‍ ജെഡിഎസ്-ബിജെപി സഖ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയോടെയാണെന്നും ഇതിനാലാണ് പിണറായി സര്‍ക്കാരില്‍ ജെഡിഎസ് മന്ത്രിയുള്ളതെന്നും ദേവഗൗഡ വിഷയത്തില്‍ ആദ്യ പ്രതികരണം നടത്തിയിരുന്നു.

ഇതോടെ വിഷയം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയിരുന്നു. ബിജെപിയുമായി പിണറായിക്ക് വലിയ ബന്ധമുണ്ടെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. സിപിഎം കോരളത്തില്‍ ബിജെപിയുടെ ബി ടീം എന്നായിരുന്നു കെ മുരളീധരന്‍ ആരോപിച്ചത്. എന്നാല്‍ കൂടുതല്‍ വിമര്‍ശനങ്ങളെത്തിയതോടെ മുഖ്യമന്ത്രി ദേവഗൗഡയുടെ ആരോപണം തള്ളി. ദേവഗൗഡയുടെ പ്രസ്താവന അസംബന്ധമെന്നായിരുന്നു പിണറായി വിജയന്റെ നിലപാട്.

ദേവഗൗഡ അസത്യം പറയുകയാണ്. ജനതാദള്‍ എസ് കാലങ്ങളായി കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പമാണെന്നും ജെഡിഎസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ സിപിഎം ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേ സമയം ദേവഗൗഡയുടെ പ്രസ്താവനയെ തള്ളി വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടിയും രംഗത്തെത്തിയിരുന്നു.