ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. 243 നിയമസഭാ സീറ്റുകളുള്ള ബിഹാറിൽ 11 പേരുടെ ആദ്യഘട്ട പട്ടികയാണ് എഎപി പുറത്തുവിട്ടത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിനു തൊട്ടുമുൻപ് ആയിരുന്നു അപ്രതീക്ഷിത സ്ഥാനാർഥി പ്രഖ്യാപനം.
ബെഗുസാരായിയിൽ ഡോ. മീര സിംഗ്, പൂർണിയ ജില്ലയിലെ കസ്ബയിൽ ഭാനു ഭാരതിയ, പറ്റ്നയിലെ ഫുൽവാരിയിൽ അരുൺ കുമാർ രജക്, ബങ്കിപ്പൂരിൽ പങ്കജ് കുമാർ, മോത്തിഹാരിയിലെ ഗോവിന്ദ്ഗഞ്ചിൽ അശോക് കുമാർ സിംഗ്, ബക്സറിൽ റിട്ട. ക്യാപ്റ്റൻ ധർമ്മരാജ് സിംഗ്, തരയ്യയിൽ അമിത് കുമാർ സിംഗ് എന്നിവരാണ് മത്സരിക്കുക.
Read more
ബിഹാറിൽ ആദ്യമായാണ് എഎപി തനിച്ച് മത്സരരംഗത്തേക്ക് ഇറങ്ങുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ജൂലൈയിൽ തന്നെ പാർട്ടി പ്രഖ്യാപിച്ചിരുന്നു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിരുന്നെങ്കിലും, ബിഹാർ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളാണ് നേരിട്ട് പ്രഖ്യാപിച്ചത്.







