ബംഗളൂരു സ്‌ഫോടനം; പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ടൈമര്‍ ഉപയോഗിച്ച് ആസൂത്രണമെന്ന് സംശയം; എന്‍ഐഎയും ഐബിയും അന്വേഷിക്കും

ബംഗളൂരുവിലെ രാമേശ്വരം കഫെയില്‍ ഇന്നലെ ഉണ്ടായ സ്‌ഫോടനത്തില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തൊപ്പിയും ബാഗും ധരിച്ച ഒരാള്‍ നടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഇയാള്‍ മുഖം മറയ്ക്കുന്ന തരത്തില്‍ തൊപ്പിയും മാസ്‌കും കണ്ണടയും ധരിച്ചിട്ടുണ്ട്.

സ്‌ഫോടനത്തിന് മുന്‍പ് പ്രതി തന്റെ പക്കലുണ്ടായിരുന്ന ബാഗ് കഫേയില്‍ വച്ച് പോയതായാണ് പൊലീസ് അറിയിക്കുന്നത്. പ്രതിയ്‌ക്കൊപ്പം കണ്ട മറ്റൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്. ഭക്ഷണം ഓര്‍ഡര്‍ ചെയ്‌തെങ്കിലും അത് കഴിക്കാതെ ഇയാള്‍ ബാഗ് ഹോട്ടലില്‍ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. ഇയാള്‍ പോയി അല്‍പ്പ സമയത്തനുള്ളിലാണ് സ്‌ഫോടനം നടന്നത്.

അതേ സമയം സ്‌ഫോടനം എന്‍ഐഎയും ഐബിയും അന്വേഷിക്കും. സ്‌ഫോടക വസ്തു ഉണ്ടായിരുന്നത് ടിഫിന്‍ ക്യാരിയറിലാണ്. ശക്തി കുറഞ്ഞ ഐഇഡിയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചു. അവശിഷ്ടങ്ങള്‍ കഫേയില്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് സൂചന. സുരക്ഷ വിലയിരുത്താന്‍ ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചിട്ടുണ്ട്. യോഗ ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടേക്കും.

അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച ബോംബ് ഡീസല്‍ ഉപയോഗിച്ചാണോ പ്രവര്‍ത്തിപ്പിച്ചത് എന്ന് എഫ്എസ്എല്‍ റിപ്പോര്‍ട്ട് വന്ന ശേഷമേ വ്യക്തമാകൂ. സ്‌ഫോടക വസ്തു ടൈമര്‍ ഉപയോഗിച്ച് നിയന്ത്രിച്ചെന്നാണ് സംശയം. ടൈമറിന്റെ ചില അവശിഷ്ടങ്ങള്‍ കഫേയില്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് സൂചനയുണ്ട്.

പരിക്കേറ്റവരില്‍ നാല്‍പ്പത്തിയാറുകാരിയുടെ കര്‍ണപുടം തകര്‍ന്ന നിലയിലാണ്. അപകടനില തരണം ചെയ്‌തെങ്കിലും കേള്‍വിശക്തി നഷ്ടമായേക്കും. വൈറ്റ്ഫീല്‍ഡിനടുത്തുള്ള ബ്രൂക്ക് ഫീല്‍ഡിലുള്ള പ്രസിദ്ധമായ രാമേശ്വരം കഫേയില്‍ ഇന്നലെ ഉച്ചയ്ക്ക് 12.56നാണ് സ്‌ഫോടനമുണ്ടായത്. നിരവധി ആളുകള്‍ വന്ന് പോകുന്ന ഉച്ചഭക്ഷണ നേരത്ത് കൈ കഴുകുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നത്.

രണ്ട് സ്ത്രീകളടക്കം മൂന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കും സ്‌ഫോടനത്തില്‍ പരിക്കേറ്റു. പത്ത് പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ കസ്റ്റഡിയിലുള്ള ആളെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്. യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

തീവ്രവാദ ആക്രമണമാണ് നടന്നതെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിജയേന്ദ്ര ആരോപിച്ചു. അതേസമയം സംഭവത്തില്‍ രാഷ്ട്രീയക്കളിക്ക് ഇല്ലെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു. 2022ല്‍ അടക്കം മംഗലാപുരത്ത് ഉണ്ടായ കുക്കര്‍ സ്‌ഫോടനം ബിജെപി ഭരണകാലത്തായിരുന്നു. അത്തരം വില കുറഞ്ഞ രാഷ്ട്രീയാരോപണങ്ങള്‍ക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ബെംഗുളുരു കഫേ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയും ജാഗ്രതയിലാണ്. പരിശോധനകള്‍ വര്‍ധിപ്പിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു. തിരക്കുള്ള സ്ഥലങ്ങളിലടക്കം ജാഗ്രതയുണ്ട്. ഉത്സവ ആഘോഷങ്ങള്‍ വരാനിരിക്കെ സുരക്ഷ കര്‍ശനമാക്കാനാണ് നിര്‍ദേശം.