ആപ്പെടുത്ത് കടക്കെണിയിലായി, ബൈജൂസിന്റേത് പൊള്ളയായ വാഗ്ദാനങ്ങള്‍, പരാതിയുമായി രക്ഷിതാക്കള്‍

കോവിഡ് മഹാമാരി പിടിമുറുക്കിയതോടെ കഴിഞ്ഞ രണ്ട് വര്‍ഷമായി വിദ്യാഭ്യാസ മേഖലയില്‍ ഒട്ടേറെ മാറ്റങ്ങളാണ് വന്നത്. പഠനം ഓണ്‍ലൈനായതോടെ വിദ്യാഭ്യാസത്തിനായുള്ള ഓണ്‍ലൈന്‍ ആപ്പുകളും സജീവമായിരുന്നു. ഇന്ത്യയില്‍ വലിയ നേട്ടം കൈവരിച്ചതില്‍ ഒന്നായിരുന്നു മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പ്. ആറ് ദശലക്ഷത്തിലധികം ഉപയോക്താക്കളും, 85 ശതമാനം പുതുക്കല്‍ നിരക്കും ബൈജൂസിനുണ്ട്. എന്നാല്‍ ഇതെല്ലാം മാറ്റി നിര്‍ത്തിയാല്‍ ബൈജൂസിനെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. വാഗ്ദാനം ചെയ്ത സേവനങ്ങള്‍ ലഭിക്കുന്നില്ലെന്നും പണം തിരികെ നല്‍കുന്നില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. ഇതിന് പുറമേ അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നതായി ജീവനക്കാരും കുറ്റപ്പെടുത്തി. ആപ്പ് എടുത്ത രക്ഷിതാക്കളോടും, ബൈജൂസിലെ ജീവനക്കാരോടും സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ബിബിസിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കോവിഡ് വന്നതോടെ സ്‌കൂളുകള്‍ അടച്ചു പൂട്ടിയപ്പോള്‍ ആശങ്കയിലായ രക്ഷിതാക്കള്‍, കുട്ടികള്‍ക്ക് പഠനത്തിന്് അനുയോജ്യമെന്ന് കരുതിയാണ് ബൈജൂസ് ആപ്പ് ഉപയോഗിച്ചത്. എന്നാല്‍ വാഗ്ദാനം ചെയ്ത സേവനങ്ങള്‍ ഒന്നും ബൈജൂസ് ഉറപ്പാക്കുന്നില്ലെന്ന് അവര്‍ ആരോപിച്ചു. 2011 ലാണ് ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള എഡ്ടെക് സ്റ്റാര്‍ട്ടപ്പിന് തുടക്കമായത്. ഫെയ്സ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗിന്റെ ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവും ടൈഗര്‍ ഗ്ലോബല്‍, ജനറല്‍ അറ്റ്ലാന്റിക് തുടങ്ങിയ പ്രമുഖ സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളുമാണ് നിക്ഷേപകര്‍.

ബൈജൂസ് ജീവനക്കാര്‍ രക്ഷിതാക്കളെ നിരന്തരം വിളിക്കുകയും ബൈജുവിന്റെ ഉത്പന്നം വാങ്ങിയില്ലെങ്കില്‍ അവരുടെ കുട്ടി പിന്നോക്കം പോകുമെന്ന് അവരെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ ഒരിക്കല്‍ ആപ്പ് വാങ്ങി കഴിഞ്ഞാല്‍ പിന്നീട് അവരെ വിളിച്ചാലോ, പണം തിരികെ ആവശ്യപ്പെട്ടാലോ ലഭ്യമാകില്ലെന്ന് അനുഭവസ്ഥര്‍ പറഞ്ഞു. കഠിനമായ വില്‍പ്പന തന്ത്രങ്ങള്‍ മാതാപിതാക്കളുടെ അരക്ഷിതാവസ്ഥയ്ക്ക് കാരണമാവുകുന്നുവെന്നും, അവരെ കടക്കെണിയിലാക്കുന്നുവെന്നും വിദ്യാഭ്യാസ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം നിഷേധിച്ച ബൈജൂസ്, വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തങ്ങളുടെ ഉത്പന്നത്തിന്റെ മൂല്യം മനസ്സിലാക്കുകയും, അതില്‍ വിശ്വാസിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ആപ്പ് വാങ്ങുന്നതെന്ന് പറഞ്ഞു. ജീവനക്കാര്‍ കടുത്ത ജോലിഭാരം അനുഭവിക്കുന്നതായി പരാതിപ്പെട്ടിരുന്നു. ദിവസേന 12 മുതല്‍ 15 മണിക്കൂര്‍ വരെയാണ് ജോലി. സാദ്ധ്യതയുള്ള ഉപയോക്താക്കളുമായി 120 മിനിറ്റ് ‘ടോക്ക്-ടൈം’ നടത്താന്‍ കഴിയാത്ത ജീവനക്കാരെ ഹാജരാകാത്തതായി അടയാളപ്പെടുത്തി അന്നത്തെ ശമ്പളം വെട്ടിക്കുറയ്ക്കും. ഇത് ജീവനക്കാരുടെ മാനസിക ആരോഗ്യത്തെയും ബാധിക്കുന്നതായി അവര്‍ പറഞ്ഞു.

Read more

എന്നാല്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും വില്‍പന ലക്ഷ്യങ്ങളുണ്ടെന്നും, ജീവനക്കാരുടെ ആരോഗ്യത്തിനും മാനസിക കാര്യങ്ങള്‍ക്കുമായി കൃത്യമായ പരിശീലന പരിപാടികള്‍ നടത്താറുണ്ടെന്നും ബൈജൂസ് വ്യക്തമാക്കി. മാതാപിതാക്കളോട് മോശമായി പെരുമാറുന്നതിനെ കര്‍ശനമായി വിലക്കിയിട്ടുമുണ്ട്. അതേസമയം ഉപയോക്താക്കള്‍ക്ക് പണം തിരികെ നല്‍കുന്നത് സംബന്ധിച്ച തര്‍ക്കങ്ങളില്‍ നഷ്ടപരിഹാരം എത്രയും വേഗം നല്‍കാന്‍ ബൈജൂസിനോട് ഇന്ത്യയിലെ ഉപഭോക്തൃ കോടതികള്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ലഭിക്കുന്ന പരാതികളില്‍ 98 ശതമാനവും പരിഹരിക്കുന്നതായി ബൈജൂസ് അവകാശപ്പെട്ടു.