മദ്യനയ അഴിമതിക്കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകാതെ കെജ്രിവാൾ; അറസ്റ്റ് ചെയ്യാനുള്ള നീക്കമെന്ന് എഎപി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച മൂന്നാം സമന്‍സും അവഗണിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സമൻസ് അയച്ചത്. ഇതിനുമുന്‍പ് ഇക്കഴിഞ്ഞ നവംബര്‍ 2നും ഡിസംബര്‍ 21നുമാണ് ഇതിനുമുന്‍പ് കെജ്രിവാളിന് സമന്‍സ് ലഭിച്ചിരുന്നത്.അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെങ്കിലും നിയമവിരുദ്ധമായാണ് സമന്‍സ് അയച്ചിരിക്കുന്നതെന്ന് കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.

അതേ സമയം കെജ്രിവാളിനെ എങ്ങനേയും അറസ്റ്റ് ചെയ്യാനായാണ് ഇ ഡി ശ്രമിക്കുന്നതെന്നും സമന്‍സുകള്‍ നിയമവിരുദ്ധമായാണ് തയാറാക്കിയിരിക്കുന്നതെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തന്നെ ഈ നോട്ടീസയച്ചത് നിയമവിരുദ്ധമാണെന്നും കെജ്രിവാളിനെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്താനാണ് സര്‍ക്കാര്‍ ഇ ഡിയെ ഉപയോഗിക്കുന്നതെന്നും ആം ആദ്മി പാര്‍ട്ടി പറയുന്നു.

Read more

മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഫെബ്രുവരിയില്‍ അറസ്റ്റിലാകുകയും ഒക്ടോബറില്‍ എഎപി രാജ്യസഭാ എംപി സഞ്ജയ് സിങ്ങിനെ ഇ ഡി കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.കേസിൽ കെജ്രിവാളിനെ ഏപ്രിലില്‍ സിബിഐ ചോദ്യം ചെയ്തിരുന്നുവെങ്കിലും സിബിഐ കേസില്‍ പ്രതിയാക്കിയിരുന്നില്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദ്യ സമന്‍സ് അയച്ചത് മുതല്‍ ഡല്‍ഹി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുമെന്ന ശക്തമായ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.