അഴിമതിക്കെതിരെ രൂപീകരിച്ച പാര്‍ട്ടി; ഒടുവില്‍ അഴിമതി കേസില്‍ സ്ഥാപക നേതാവ് അറസ്റ്റില്‍; കെജ്‌രിവാൾ അധികാരത്തില്‍ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രി

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തപ്പോള്‍ പാര്‍ട്ടിയുടെ മുദ്രാവാക്യം തന്നെ ചോദ്യചിഹ്നമായി. അഴിമതിക്കെതിരെ രൂപികരിച്ച പാര്‍ട്ടിയായിരുന്നു ആംആദ്മി. പാര്‍ട്ടി രൂപികരിച്ച് ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ ഡല്‍ഹിയുടെ അധികാരം പിടിക്കാന്‍ എഎപിക്ക് സാധിച്ചു.

എന്നാല്‍, അഴിമതിക്കേസില്‍ പാര്‍ട്ടിയുടെ നേതാവും മുഖ്യമന്ത്രിയും അറസ്റ്റിലാകുന്നതും എഎപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് അധികാരത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രി അറസ്റ്റിലാവുന്നത്.

ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളില്‍ നിന്ന് സംരക്ഷണം വേണമെന്ന കേജരിവാളിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാത്രിയില്‍ ഇഡിയുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

അറസ്റ്റിലായ കേജ്രിരിവാളിനെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് ഇഡി. ചോദ്യം ചെയ്യലില്‍ കേജരിവാള്‍ സഹകരിക്കുന്നില്ലെന്നും കസ്റ്റഡില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നും ഇഡി വ്യക്തമാക്കി.

കേജരിവാളിന്റെ അറസ്റ്റിന് പിന്നാലെ ഇഡി ആസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു. ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്തിയിട്ടുണ്ട്. കേജരിവാളിന്റെ അറസ്റ്റിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാകുന്നതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്.

2021-22ലെ മദ്യനയത്തിന്റെ രൂപവത്കരണ സമയത്ത് കേസിലെ പ്രതികള്‍ കേജരിവാളുമായി ബന്ധപ്പെട്ടെന്നു ഇഡി വ്യക്തമാക്കുന്നു. കേസില്‍ മനീഷ് സിസോദിയ, എംപിയായിരുന്ന സഞ്ജയ് സിംഗ്, കെ.കവിത എന്നിവര്‍ക്കു പുറമേ അറസ്റ്റിലാകുന്ന നാലാമത്തെ പ്രമുഖനാണ് കേജരിവാള്‍.
അറസ്റ്റിലായാലും കെജരിവാള്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി തുടരുമെന്ന് എഎപി മന്ത്രി അതിഷി വ്യക്തമാക്കി.