'ഹിന്ദു പാകിസ്ഥാന്‍' പരാമര്‍ശം; ശശി തരൂരിനെതിരെ കല്‍ക്കട്ട ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്

2019-ല്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ അവര്‍ ഇന്ത്യയെ “ഹിന്ദു പാകിസ്ഥാന്‍” ആക്കി മാറ്റുമെന്ന പരാമര്‍ശത്തിന് കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ കല്‍ക്കട്ട ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്. ശശി തരൂരിന്റെ പരാമര്‍ശത്തിനെതിരെ അഭിഭാഷകനായ സൂമീത് ചൗധരി മതവികാരം വ്രണപ്പെടുത്തിയെന്നു കാട്ടി കേസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാറണ്ട്.

സംഭവത്തില്‍ കോടതിയില്‍ ഹാജരാകാന്‍ തരൂരിനോടു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നായിരുന്നു തരൂരിന്റെ നിലപാട്. 2019-ല്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചാല്‍ അവര്‍ ഭരണഘടന പൊളിച്ചെഴുതുമെന്നും ഇന്ത്യയെ “ഹിന്ദു പാകിസ്ഥാന്‍” ആക്കി മാറ്റുമെന്നുമായിരുന്നു തരൂര്‍ കഴിഞ്ഞ ജൂലൈയില്‍ നടത്തിയ പ്രസ്താവന.

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഇന്നത്തെ പോലെ നിലനില്‍ക്കുന്നതിനാവശ്യമായ ഘടകങ്ങളിലെല്ലാം മാറ്റം വരുത്തും.ഹിന്ദുരാഷ്ട്ര തത്വങ്ങളില്‍ അധിഷ്ഠിതമായിരിക്കും ഭരണഘടന എഴുതപ്പെടുക. ന്യൂനപക്ഷങ്ങള്‍ക്കു കല്‍പ്പിക്കപ്പെടുന്ന സമത്വം എടുത്തുകളയും. മഹാത്മാഗാന്ധിയും ജവാഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ വല്ലഭായി പട്ടേലും മൗലാന ആസാദും വിഭാവനം ചെയ്ത ഇന്ത്യയാകില്ല അത് എന്നും തരൂര്‍ പറഞ്ഞു.