അര്‍ണബ് ഗോസ്വാമിയെ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ഇന്‍റീരിയർ ഡിസൈനർ അൻവയ് നായ്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ 14 ദിവസത്തേക്ക് ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി മഹാരാഷ്ട്ര പൊലീസ് കഴിഞ്ഞ ദിവസമാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്. മുംബൈ ഹൈക്കോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കും.

മഹാരാഷ്ട്രയിലെ അലിബാഗ് മജിസ്‌ട്രേറ്റ് കോടതിയാണ് അര്‍ണബിനെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയെങ്കിലും കോടതി അംഗീകരിച്ചില്ല. നവംബർ 18 വരെ അർണബ് ജയിലിൽ കഴിയണം. ഫിറോഷ് ഷെയ്ഖ്, നിതീഷ് ശർദ്ദ എന്നിവരെയും ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ബുധനാഴ്ച രാവിലെയാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്. വീട്ടിലെത്തിയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. 2018-ലാണ് അന്‍വയ് ആത്മഹത്യ ചെയ്തത്. ഈ കേസിന്റെ അന്വേഷണം മഹാരാഷ്ട്ര പൊലീസ് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ അന്‍വയ് നായികിന്റെ ഭാര്യ വീണ്ടും നല്‍കിയ പരാതിയിലാണ് മുംബൈ പൊലീസ് വീണ്ടും കേസന്വേഷണം ആരംഭിച്ചതും അര്‍ണബിനെ കസ്റ്റഡിയിലെടുത്തതും.

കഴിഞ്ഞ ബി.ജെ.പി സർക്കാരിന്‍റെ കാലത്ത് തെളിവില്ലെന്ന കാരണത്താൽ അന്വേഷണം അവസാനിപ്പിച്ച കേസ് കുടുംബത്തിന്‍റെ പരാതിയെ തുടർന്ന് പുതിയ സർക്കാർ പുനരന്വേഷണത്തിനു വിടുകയായിരുന്നു.