ആര്‍ക്കിടെക്റ്റിന്റെ ആത്മഹത്യ; അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കി

ആത്മഹത്യ പ്രേരണാകുറ്റത്തിന് അറസ്റ്റ് ചെയ്ത റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കി. ജുഡിഷ്യല്‍ കസ്റ്റഡിയിലുള്ള അര്‍ണബിനെ ദിവസവും മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യാനാണ് അലിബാഗ് കോടതി അനുമതി നല്‍കിയത്.

അര്‍ണബിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള റായ്ഗഡ് പൊലീസിന്‍റെ അപേക്ഷ സെഷന്‍സ് കോടതി നാളെ പരിഗണിക്കും. അതിനിടെ അര്‍ണബിന് ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. അന്‍വയ് നായിക് ആത്മഹത്യ ചെയ്ത കേസിലെ പുനരന്വേഷണം നിയമവിരുദ്ധമല്ലെന്ന് കോടതി ഉത്തരവിലുണ്ട്. ഇരകളുടെ അവകാശങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ട്. പുനരന്വേഷണത്തിന് മജിസ്ട്രേറ്റിന്‍റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും ഉത്തരവില്‍ പറയുന്നു.

അര്‍ണബിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ ബന്ധുക്കളെ അനുവദിക്കണമെന്ന ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുടെ അഭ്യര്‍ത്ഥന മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി തള്ളി. കോവിഡ് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ജയിലില്‍ ബന്ധുക്കളെ പ്രവേശിപ്പിക്കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പ്രതികരിച്ചു.

അതേസമയം അര്‍ണബ് ഗോസ്വാമിയുടെ ആരോഗ്യ സ്ഥിതിയിൽ ആശങ്കയറിയിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരി രംഗത്തെത്തിയിരുന്നു. ജയിലില്‍ വെച്ച് താൻ അക്രമിക്കപ്പെട്ടുവെന്ന അർണബിന്റെ പരാതി വന്നതോടെയാണ് ഗവര്‍ണര്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ ആശങ്ക അറിയിച്ചത്.