ട്രാക്ട൪ റാലി: കർഷകരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകേണ്ടെന്ന് യു.പി സർക്കാർ, നഗരങ്ങളിൽ ഗതാഗതം മുടക്കാൻ ആഹ്വാനം ചെയ്ത് കർഷക നേതാവ്

കാര്‍ഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് റിപ്പബ്ലിക് ദിനത്തിലെ ട്രാക്ട൪ റാലിയെ ചരിത്ര സംഭവം ആക്കാൻ ഒരുങ്ങുകയാണ് കർഷക സംഘടനകൾ. തലസ്ഥാന നഗരത്തെ വലംവെയ്ക്കും വിധം 100 കിലോമീറ്റര്‍ ദൂരത്തില്‍ റാലി സംഘടിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.  ട്രാക്ട൪ റാലിയിൽ പങ്കെടുക്കാൻ നിരവധി പേര്‍ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്.  അതിനിടെ റാലി നടത്തുന്ന കർഷകരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകേണ്ടെന്ന് യുപി സർക്കാർ നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്.

ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലെയും സപ്ലൈ ഓഫിസർമാർക്കാണ് സർക്കാർ നിർദേശം നൽകിയത്. ഇത് അറിഞ്ഞതോടെ നഗരങ്ങളിൽ ഗതാഗതം മുടക്കാൻ കർഷക നേതാവ് രാകേഷ് ടിക്കായത്ത് ആഹ്വാനം ചെയ്തു. റാലിയിൽ ഒരു ലക്ഷത്തോളം ട്രാക്ടറുകളുടെ പങ്കാളിത്തം ഉണ്ടാകുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. രാജ്പഥിലെ റിപ്പബ്ലിക് ദിനാഘോഷ പരേഡ് അവസാനിച്ചാല്‍ റാലി തുടങ്ങും. വൈകീട്ട് ആറുമണിക്ക് അവസാനിപ്പിക്കും വിധമാണ് ക്രമീകരണം.

റാലിക്ക് പൊലീസ് സുരക്ഷ ഒരുക്കും. പച്ച ജാക്കറ്റ് അണിഞ്ഞായിരിക്കും കര്‍ഷകര്‍ റാലിയില്‍ പങ്കെടുക്കുക. പാക് അട്ടിമറി സംശയിക്കുന്നതിനാല്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഡൽഹി അതിര്‍ത്തികളില്‍ ഒരുക്കിയിട്ടുണ്ട്. ദേശീയ പതാകയും കര്‍ഷക സംഘടനകളുടെ കൊടികളും ട്രാക്ടറുകളില്‍ നാട്ടാന്‍ അനുമതി ഉണ്ട്. കാര്‍ഷിക വൈവിദ്ധ്യം വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും ഉള്‍പ്പെടുത്തും