എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടിയെ നിയമിച്ചു. വൈസ് ചെയര്‍പേഴ്സണ്‍മാരായി മുനവരി ബീഗവും, മഫൂജ ഖാതൂണുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായാണ് രണ്ട് വനിതകള്‍ ഹജ്ജ് കമ്മറ്റി വൈസ് ചെയര്‍പേഴ്സണ്‍മാരാകുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായും തിരഞ്ഞെടുത്തിട്ടുണ്ട്.

ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന പുതിയ ഹജ്ജ് കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ വച്ചാണ് ചെയര്‍മാനെ തിരഞ്ഞെടുത്തത്. ഹജ്ജ് കമ്മിറ്റി നിയനം അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായാണ് അബ്ദുള്ളക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടത്. 2025 മാര്‍ച്ച് 31 വരെയാണ് കാലാവധി.

ഹജ്ജിന് അനുവദിച്ച് സൗദി സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും, ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കേരളത്തിലെ ഹജ്ജ് കേന്ദ്രം കൊച്ചിയായിരിക്കും. രാജ്യത്ത് നിന്ന് ഇത്തവണ 80,000 പേര്‍ക്ക് ഹജ്ജിന് പോകാന്‍ കഴിയും. കേരളത്തില്‍ നിന്ന് എത്ര പേര്‍ക്ക് പോകാനാകുമെന്നതില്‍ ഉടന്‍ തീരുമാനമെടുക്കും.

മുമ്പ് കോണ്‍ഗ്രസിലും സിപിഎമ്മിലും പ്രവര്‍ത്തിച്ചിട്ടുള്ള അബ്ദുള്ളക്കുട്ടി 2019ലാണ് ബിജെപിയിലെത്തിയത്. പിന്നീട് ദേശീയ ഉപാധ്യക്ഷന്‍ സ്ഥാനത്തെത്തുകയായിരുന്നു.