ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലെ മറ്റൊരു ആണി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നിര്‍ദ്ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനം

മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ അതിന് വേണ്ടിവരുന്ന സാമ്പത്തിക ചിലവ് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് സംബന്ധിച്ച നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച രംഗത്ത് എത്തി. കമ്മീഷന്റെ ഈ നിര്‍ദേശത്തിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുയരുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് ഇതാണ്, നിലവിലുള്ള മാതൃകാ പെരുമാറ്റച്ചട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പുതിയ കൂട്ടിച്ചേര്‍ക്കല്‍ നടത്താന്‍ പോകുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ വരുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് വോട്ടര്‍മാരെ അറിയിക്കാനും നിര്‍ദ്ദേശിക്കുന്നു എന്നാണ് കുറിപ്പിലുള്ളത് .

ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്യമല്ല. ഇത് തെരഞ്ഞെടുപ്പ് രീതിയുടെ അന്തസത്തയ്ക്കും ആത്മാവിനും എതിരാണ്, ഇത് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലെ മറ്റൊരു ആണിയായിരിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

ഇത്തരം ഒരു ഇടപെടല്‍ മുന്‍പുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയിരുന്നെങ്കില്‍ രാജ്യത്ത് പതിറ്റാണ്ടുകളായി മാറ്റങ്ങളുണ്ടാക്കിയ ക്ഷേമ, സാമൂഹിക വികസന പദ്ധതികളൊന്നും യാഥാര്‍ത്ഥ്യമാകുമായിരുന്നില്ലെന്ന് ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.