ബിജെപിയ്‌ക്കെതിരായ ആരോപണം, അതിഷിയ്ക്ക് സമന്‍സ് അയച്ച് കോടതി; രൂക്ഷവിമര്‍ശനം ഉന്നയിച്ച് കെജ്‌രിവാൾ

ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷിയ്ക്ക് സമന്‍സ് അയച്ച് കോടതി. തനിക്ക് ബിജെപിയില്‍ ചേരാന്‍ സമ്മര്‍ദ്ദമുണ്ടെന്ന അതിഷിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ബിജെപി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂര്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് ഡല്‍ഹി കോടതി സമന്‍സ് അയച്ചിരിക്കുന്നത്.

ജൂണ്‍ 29ന് കോടതിയില്‍ കേസിന്റെ വിചാരണയ്ക്ക് ഹാജരാകാനാണ് നോട്ടീസ്. ബിജെപിയില്‍ ചേരാന്‍ തനിക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നതായും അടുത്ത സുഹൃത്തുവഴി ബിജെപി സമീപിച്ചെന്നുമായിരുന്നു അതിഷിയുടെ വെളിപ്പെടുത്തല്‍. രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാമെന്ന് ബിജെപി ഉറപ്പുനല്‍കിയിരുന്നതായും അതിഷി വെളിപ്പെടുത്തി.

ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനകം ഇഡി തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അതിഷി പറഞ്ഞു. കോടതി സമന്‍സ് വന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയിട്ടുണ്ട്. അതിഷിയെ ബിജെപി അടുത്തതായി അറസ്റ്റ് ചെയ്യുമെന്ന് താന്‍ നേരത്തെ പറഞ്ഞതാണെന്ന് കെജ്രിവാള്‍ പറഞ്ഞു.

അതിഷിയെ അറസ്റ്റ് ചെയ്യാനാണ് അവര്‍ പദ്ധതിയിടുന്നത്. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ എല്ലാ പ്രതിപക്ഷ നേതാക്കളെയും അറസ്റ്റ് ചെയ്യുമെന്നും കെജ്രിവാള്‍ ആരോപിച്ചു. എക്‌സ് പോസ്റ്റിലൂടെയാണ് കെജ്രിവാള്‍ ബിജെപിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്.