ഗുജറാത്തിന് പിന്നാലെ ഭഗവത്ഗീത പാഠ്യവിഷയമാക്കാൻ ഒരുങ്ങി കര്‍ണാടകയും

ഗുജറാത്തിന് പിന്നാലെ സ്‌കൂളുകളില്‍ ഭഗവത്ഗീത പാഠ്യവിഷയമാക്കാന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍. എല്ലാ ഗവണ്മെന്റ് സ്‌കൂളുകളിലും ഭഗവത്ഗീത നിര്‍ബന്ധിത പാഠ്യവിഷയമാക്കാനാണ് ആലോചിക്കുന്നത്. ഗവണ്മെന്റ് സ്‌കൂളുകളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും ഭഗവത് ഗീത പഠിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എസ്. നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ ഇക്കാര്യം നടപ്പിലാക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഭഗവത്ഗീത പാഠ്യവിഷയമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായും പാഠപുസ്തക കമ്മിറ്റിയുമായി ചര്‍ച്ച നടത്തുമെന്നും അടുത്ത അധ്യയന വര്‍ഷത്തില്‍ ഇത് പാഠ്യപദ്ധതിയുടെ ഭാഗമാക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തിലെ സ്‌കൂളുകളില്‍ ഇനി മുതല്‍ ഭഗവത്ഗീതയും പാഠ്യപദ്ധതിയുടെ ഭാഗമാകുമെന്ന് സര്‍ക്കാര്‍ വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ വിദ്യാഭ്യാസ നയത്തില്‍ പറഞ്ഞിരുന്നു. ആറ് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ സിലബസിലാണ് ഭഗവത്ഗീത നിര്‍ബന്ധമാക്കിയിരിക്കുന്നത്.

ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളടക്കം സര്‍ക്കാരിന് കീഴിലുള്ള എല്ലാ സ്‌കൂളുകളിലും അടുത്ത അധ്യയന വര്‍ഷം മുതല്‍ ഭഗവത്ഗീത പഠിപ്പിക്കുമെന്ന് ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി ജിതു വഘാനി പറഞ്ഞു. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഇന്ത്യന്‍ സംസ്‌കാരവും വിജ്ഞാന സംവിധാനവും ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് ഭഗവത് ഗീതയിലെ മൂല്യങ്ങളും തത്വങ്ങളും പഠിപ്പിക്കുന്നത് എന്നാണ് മന്ത്രി പറഞ്ഞത്.

എല്ലാ മതവിഭാഗക്കാരും ഈ മൂല്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ മാറ്റം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഥകളുടെയും ശ്ലോകങ്ങളുടെയും രൂപത്തിലാണ് ഗീത സിലബസില്‍ ഉള്‍പ്പെടുത്തുക എന്ന് സര്‍ക്കുലറില്‍ പറയുന്നു. ഒമ്പതാം ക്ലാസ് മുതല്‍ ഇതിന്റെ വിശദാംശങ്ങളും പഠിപ്പിച്ച് തുടങ്ങും. ഭഗവത്ഗീതയെ അടിസ്ഥാനമാക്കി ശ്ലോകം ചൊല്ലല്‍, ചിത്രരചന, ക്വിസ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Read more

ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന്റെ ഈ തീരുമാനത്തിന് പിന്തുണയേകി കോണ്‍ഗ്രും ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തി. സ്‌കൂള്‍ സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്തുന്ന തീരുമാനത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും ഗുജറാത്ത് സര്‍ക്കാരിന് തന്നെ ഗീതയില്‍ നിന്നും പലതും പഠിക്കാനുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് ഹേമങ് റാവല്‍ പറഞ്ഞു.