അഭിനന്ദന്‍ ഇന്ത്യന്‍ മണ്ണില്‍; അഭിമാനത്തോടെ സ്വീകരിച്ച് രാജ്യം

പാകിസ്താന്റെ പിടിയിലായിരുന്ന ഇന്ത്യന്‍ വ്യോമ സേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധ്മാനെ ഇന്ത്യയ്ക്കു കൈമാറി. വൈകിട്ട് അഞ്ചു മണിയോടെ വാഗ- അട്ടാരി അതിര്‍ത്തി വഴിയാണ് ഇന്ത്യയ്ക്കു കൈമാറിയത്. പഞ്ചാബ് മന്ത്രിമാര്‍, വായുസേനയുടെ വന്‍സംഘം, സൈനികന്റെ കുടുംബം എന്നിവരും സൈനികനെ സ്വീകരിക്കുന്നതിനായി വാഗാ അതിര്‍ത്തിയില്‍ എത്തിയിരുന്നു. ലാഹോറില്‍ എത്തിച്ച ശേഷം റെഡ് ക്രോസിന് കൈമാറിയ സൈനികനെ അവരാണ് വാഗയില്‍ എത്തിച്ചത്.

അഭിനന്ദനെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി വാഗാ അതിര്‍ത്തിയിലെ ഇന്നത്തെ പതാകയിറക്കല്‍ (ബീറ്റിങ് റിട്രീറ്റ്) ചടങ്ങ് ബിഎസ്എഫ് റദ്ദാക്കിയിരുന്നു. ബുധനാഴ്ചയാണ് അഭിനന്ദനെ പാകിസ്താന്‍ പിടികൂടിയത്. അദ്ദേഹം പറപ്പിച്ചിരുന്ന മിഗ്-21 ബൈസണ്‍ പോര്‍വിമാനം പാക് അധീന കശ്മീരില്‍ തകര്‍ന്നുവീണതിനെ തുടര്‍ന്നായിരുന്നു ഇത്. “സമാധാനത്തിന്റെ സന്ദേശ”മെന്ന നിലയില്‍ അഭിനന്ദന്‍ വര്‍ത്തമാനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിക്കുകയായിരുന്നു. വന്‍ ജനസഞ്ചയമാണ് തങ്ങളുടെ പ്രിയ സൈനികനെ കാണുന്നതിനായി അതിര്‍ത്തിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അതേസമയം അഭിനന്ദന്‍ വര്‍ധമാനെ മോചിപ്പിക്കാനുള്ള തീരുമാനത്തെ ഐക്യരാഷ്ട്ര സഭ സ്വാഗതം ചെയ്തു.