വെല്ലൂരിലെ വിദ്യാര്‍ത്ഥിനികളുടെ കൂട്ട ആത്മഹത്യ; പുതിയ വെളിപ്പെടുത്തലുകളുമായി സഹപാഠികള്‍

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നാല് വിദ്യാര്‍ത്ഥിനികള്‍ കൂട്ട ആത്മഹത്യ ചെയ്തത് മാര്‍ക്ക് കുറഞ്ഞതിന്റെ പേരിലല്ലെന്ന് സഹപാഠികള്‍. നന്നായി പരീക്ഷ എഴുതിയിട്ടും മാര്‍ക്ക് കുറഞ്ഞത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിനികളെ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള അദ്ധ്യാപകര്‍ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയാണ് ചെയ്തതെന്ന് മരിച്ച കുട്ടികളുടെ സഹപാഠികള്‍ പറഞ്ഞു. ആരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്‌കൂളിലെ രേവതി, ശങ്കരി, ദീപിക, മനീഷ എന്നീ പെണ്‍കുട്ടികള്‍ കഴിഞ്ഞ ശനിയാഴ്ചയാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്.

പഠിത്തത്തില്‍ പിന്നിലല്ലായിരുന്നു മരിച്ച വിദ്യാര്‍ത്ഥിനികള്‍. മാര്‍ക്ക് കുറഞ്ഞതിന് അധ്യാപിക വഴക്കുപറഞ്ഞതില്‍ മനംനൊന്താണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു പുറത്തു വന്ന വിവരം. എന്നാല്‍ പത്താംക്ലാസ്സില്‍ തൊണ്ണൂറ് ശതമാനത്തോളം മാര്‍ക്ക് വാങ്ങിയവരാണ് മരണപ്പെട്ട നാല് വിദ്യാര്‍ത്ഥിനികളും. വീട്ടിലെ ചുവര് മുഴുവന്‍ എംബിബിഎസ് എന്ന സ്വപ്നം വരച്ചുവെച്ചിരുന്നു ഇതില്‍ ശങ്കരി എന്ന കുട്ടി. നഗരത്തില്‍ കൂലിപ്പണിയെടുക്കുന്ന അച്ഛനുമമ്മയ്ക്കുമൊപ്പം നിന്ന് ചെന്നൈയിലെ സ്‌കൂളില്‍ പഠിക്കാന്‍ പണമില്ലാത്തതുകൊണ്ട് അമ്മൂമ്മയോടൊപ്പം നില്‍ക്കുകയായിരുന്നു രേവതി. പണപ്പാക്കത്തെ ദളിത് കോളനിയില്‍ നിന്ന് ആദ്യമായി ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച കുട്ടിയായിരുന്നു മനീഷ.

നന്നായി പരീക്ഷ എഴുതിയിട്ടും മാര്‍ക്ക് കറഞ്ഞത് ചോദ്യം ചെയ്തയിന്റെ പേരില്‍ പ്രിന്‍സിപ്പാള്‍ ശങ്കരിയുള്‍പ്പടെയുള്ള 11 കുട്ടികളെ മണിക്കൂറുകളോളം വെയിലത്ത് നിര്‍ത്തിയെന്ന് സഹവിദ്യാര്‍ത്ഥിനികള്‍ പറയുന്നു. എന്നാല്‍ കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച അദ്ധ്യാപികമാര്‍ക്കെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുങ്ങി. വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടാല്‍ അദ്ധ്യാപകരെ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസിന്റെ നിലപാട്. കുട്ടികളുടെ മരണം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഇതുവരെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.