'ഞങ്ങളെ എല്ലാവരെയും അറസ്റ്റു ചെയ്യൂ'; മനീഷ് സിസോദിയയെ വ്യാജ കേസില്‍ അറസ്റ്റ് ചെയ്യാന്‍ നീക്കമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ഡല്‍ഹിയിലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ വ്യാജ കേസില്‍ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്ര ഏജന്‍സികള്‍ക്ക് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞുവെന്നും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെ കേസില്‍ കുടുക്കിയ പോലെ സിസോദിയയ്ക്കെതിരെയും നീക്കം നടക്കുന്നതായി വിവരം ലഭിച്ചുവെന്നും കെജ്‌രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ജയില്‍ രാഷ്ട്രീയം തനിക്ക് മനസ്സിലാകുന്നില്ലെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരെ ഓരോരുത്തരെയായി അറസ്റ്റ് ചെയ്യുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. അതിനാല്‍ തങ്ങളെ എല്ലാവരെയും ഒരുമിച്ച് അറസ്റ്റ് ചെയ്യാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്. പിന്നീട് പുറത്തിറങ്ങുമ്പോള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കാമല്ലോ എന്നും കെജ്‌രിവാള്‍ പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മെയ് 30നാണ് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ ഇ ഡി അറസ്റ്റ് ചെയ്തത്. ഷെല്‍ കമ്പനികളിലൂടെ അനധികൃതമായി പണം കൈപ്പറ്റിയെന്നാണ് ആരോപണം. 2015-16 കാലഘട്ടിത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നപ്പോള്‍ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റി. പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് ഇ ഡി അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഇത്തരത്തില്‍ തട്ടിയെടുത്ത പണവുമായി മന്ത്രി ഡല്‍ഹിയില്‍ ഭൂമി വാങ്ങിയെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. ഏപ്രിലില്‍ ഈ സ്വത്ത് ഇ ഡി കണ്ടുകെട്ടിയിരുന്നു.