സ്വര്‍ണക്കടത്തില്‍ പങ്കില്ല; പിടിച്ചെടുത്തത് ചെഗുവേര തൊപ്പിയിലെ നക്ഷത്രമെന്ന് മുഹമ്മദ് ഷാഫി

സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് ടിപി കേസ് പ്രതി മുഹമ്മദ് ഷാഫി. തന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത നക്ഷത്രം പൊലീസ് യൂണിഫോമിലേത് അല്ലെന്നും അത് ചെഗുവേര തൊപ്പിയിലേതെന്നും ഷാഫി. കസ്റ്റംസിന് മുന്നില്‍ ഹാജരായ ശേഷമാണ് ഷാഫിയുടെ പ്രതികരണം.

കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഹമ്മദ് ഷാഫി കസ്റ്റംസിന് മുന്നില്‍ ഹാജരായി. രാവിലെ പതിനൊന്നു മണിയോടെയാണ് കൊച്ചി കസ്റ്റംസ് ഓഫീസില്‍ എത്തിയത്. കഴിഞ്ഞ ആഴ്ച്ച സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് വിധേയനാകാന്‍ എത്തിയ മുഹമ്മദ് ഷാഫിയെ തിരിച്ചയച്ചിരുന്നു. പറഞ്ഞ ദിവസം വന്നാല്‍ മതിയെന്നായിരുന്നു അന്വേഷണ സംഘം പറഞ്ഞത്. അതിനു മുമ്പ് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും മുഹമ്മദ് ഷാഫി കസ്റ്റംസില്‍ ഹാജരായിരുന്നില്ല. വയറുവേദനയാണ് കാരണം പറഞ്ഞത്. എത്താനാകില്ലെന്ന് ഷാഫിയുടെ അഭിഭാഷകന്‍ കസ്റ്റംസിനെ അറിയിക്കുകയായിരുന്നു. അടുത്ത ദിവസം ഹാജരാകുമെന്നാണ് പറഞ്ഞെങ്കിലും തിങ്കളാഴ്ച മതിയെന്ന് കാണിച്ച് കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു.

ഇത് വകവെയ്ക്കാതെയാണ് ഷാഫി അടുത്ത ദിവസം കമ്മീഷണര്‍ ഓഫീസില്‍ പതിനൊന്നു മണിയോടെ അഭിഭാഷകനൊപ്പം എത്തിയത്. എന്നാല്‍ പത്തു മിനിറ്റിനകം തന്നെ തിരിച്ചെത്തി, വന്ന കാറില്‍ തന്നെ മടങ്ങുകയായിരുന്നു. നേരത്തെ ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് നേരത്തെ പരിശോധന നടത്തുകയും ഇലക്ട്രോണിക് വസ്തുക്കള്‍ അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

കേസിലെ മുഖ്യപ്രതികളായ മുഹമ്മദ് ഷെഫീഖിനെയും അര്‍ജുന്‍ ആയങ്കിയെയും ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഷാഫിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചത്. ടി പി വധക്കേസില്‍ പ്രതിയായ ഷാഫി നിലവില്‍ പരോളിലാണ്. മറ്റൊരു പ്രതിയായ കൊടി സുനിയെയും ജയിലില്‍ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസ്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കണ്ണൂര്‍ സംഘത്തിന്റെ രക്ഷിതാക്കള്‍ കൊടി സുനിയും ഷാഫിയുമാണെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റംസ് റിപ്പോര്‍ട്ട്.