'ഇന്ത്യയിലേക്ക് നോക്കൂ, നിരവധി കഴിവുള്ള ജനത; നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ അവര്‍ക്ക് സാധിക്കും'; പുകഴ്ത്തി പുടിന്‍

ഇന്ത്യക്കാര്‍ വളരെ കഴിവുള്ളവരാണെന്നും നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ഒന്നര ബില്യണ്‍ ജനങ്ങളാണ് ഇന്ത്യയുടെ ശക്തി. അതിനാല്‍ തന്നെ ഇന്ത്യയ്ക്ക് ധാരാളം സാധ്യതകള്‍ ഉണ്ട്. മികച്ച നേട്ടങ്ങള്‍ കൈവരിക്കുമെന്നതില്‍ സംശയമൊന്നുമില്ലെന്നും അദേഹം പറഞ്ഞു. ഇന്ത്യയിലേക്ക് നോക്കൂ… വളരെയധികം പ്രചോദം ഉള്‍ക്കൊണ്ട ജനതയാണ് അവിടെ ഉള്ളത്. ലക്ഷ്യപ്രാപ്തിക്കായി അവര്‍ പരിശ്രമിക്കുന്നുണ്ട്. മനുഷ്യവിഭവശേഷി ഒരു പരിധിവരെ കൃത്യമായി വിനയോഗിക്കുന്നു. ഇത്തരത്തിലുള്ള ഒരു ജനതയ്ക്ക് നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ സാധിക്കുമെന്നും പുടിന്‍ പറഞ്ഞു.

റഷ്യയുടെ ഐക്യദിനം ഇന്നലെ ആചരിക്കുമ്പോഴാണ് പ്രസിഡന്റിന്റെ പ്രസംഗമെന്നതും ശ്രദ്ധേയമാണ്. റോയിട്ടേഴ്സാണ് പുടിന്റെ പ്രസംഗം പുറത്ത് വിട്ടിരിക്കുന്നത്. ആഫ്രിക്കയിലെ കൊളോണിയലിസത്തെക്കുറിച്ചും ഇന്ത്യയുടെ സാധ്യതകളെക്കുറിച്ചും റഷ്യക്ക് കൃത്യമായ നിരീക്ഷണമുണ്ട്. പാശ്ചാത്യ സാമ്രാജ്യങ്ങള്‍ ആഫ്രിക്കയെ കൊള്ളയടിക്കുകയായിരുന്നു. ഒരു വലിയ പരിധി വരെ, മുന്‍ കൊളോണിയല്‍ ശക്തികള്‍ കൈവരിച്ച സമൃദ്ധി ആഫ്രിക്കയെ കൊള്ളയടിച്ച് ഉണ്ടാക്കിയതാണ്. എല്ലാവര്‍ക്കും അത് അറിയാമെന്നും പുടിന്‍ പറഞ്ഞു.