ലോഡ്ജില്‍ അക്ഷയ നല്‍കിയ ജ്യൂസില്‍ മയങ്ങി യൂട്യൂബര്‍; കണ്ണ് തുറന്നപ്പോള്‍ ആതിര മുന്നില്‍; ഹണിട്രാപ്പില്‍ അറസ്റ്റിലായത് നാലംഗ സംഘം

മലപ്പുറം സ്വദേശിയായ യൂട്യൂബറെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. ഇടുക്കി സ്വദേശികളായ അഭിലാഷ്, അക്ഷയ, ആതിര കൊല്ലം സ്വദേശിയായ അല്‍ അമീന്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. മലപ്പുറം മഞ്ചേരി സ്വദേശിയായ യൂട്യൂബറുടെ പരാതിയില്‍ കൂത്താട്ടുകുളം പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.

യൂട്യൂബില്‍ നിന്ന് ലഭിച്ച നമ്പര്‍ വഴി അക്ഷയ പരാതിക്കാരനുമായി പരിചയത്തിലായി. തുടര്‍ന്ന് സുഖമില്ലാതെ കിടക്കുന്ന അനുജന് കൗണ്‍സിലിംഗ് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് പരാതിക്കാരനെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി. ലോഡ്ജില്‍ വച്ച് അക്ഷയ നല്‍കിയ ജ്യൂസ് കുടിച്ച് യൂട്യൂബര്‍ മയങ്ങി പോയി. കണ്ണ് തുറക്കുമ്പോള്‍ ഇയാള്‍ അക്ഷയയ്ക്ക് പകരം കണ്ടത് ആതിരയെ ആയിരുന്നു.

ഉടന്‍ തന്നെ മുറിയിലേക്ക് കടന്നുവന്ന അഭിലാഷും അല്‍ അമീനും ചേര്‍ന്ന് ആതിരയെ പരാതിക്കാരനുമായി ചേര്‍ത്ത് നിറുത്തി ചിത്രങ്ങളും വീഡിയോയും എടുത്തു. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ അഞ്ച് ലക്ഷം രൂപ സംഘം ആവശ്യപ്പെട്ടു. തന്റെ പക്കല്‍ പണം ഇല്ലെന്ന് അറിയിച്ച യൂട്യൂബറില്‍ നിന്ന് സംഘം പതിനായിരം രൂപ കൈക്കലാക്കി. അക്കൗണ്ടില്‍ നിന്ന് പ്രതികള്‍ പണം തട്ടിയതായാണ് പരാതിക്കാരന്‍ പറയുന്നത്. കൂടാതെ ഇയാളുടെ കാര്‍ അക്ഷയയുടെ പേരില്‍ എഴുതി വാങ്ങുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.