പൂന്തുറയില്‍ ലേലത്തില്‍ പിടിച്ചെടുത്ത മീനില്‍ പുഴു; പരിശോധന ഊര്‍ജ്ജിതമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്, 12 ഹോട്ടലുകള്‍ പൂട്ടിച്ചു

സംസ്ഥാനത്ത് പരിശോധന ഊര്‍ജ്ജിതമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. തിരുവനന്തപുരം, വയനാട്, കണ്ണൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ കിലോ കണക്കിന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി. പന്ത്രണ്ട് ഹോട്ടലുകള്‍ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിനൊപ്പം തദ്ദേശീയ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗവും പരിശോധന നടത്തുന്നുണ്ട്.

തിരുവനന്തപുരത്ത് ഇന്ന് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നന്ദന്‍കോട് ഇറാനി ഹോട്ടലില്‍നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കല്ലറയിലെ മത്സ്യ മാര്‍ക്കറ്റില്‍നിന്നും അഴുകിയ മത്സ്യം പിടിച്ചെടുത്തു. പൂന്തുറയില്‍ ലേലത്തില്‍ പിടിച്ചെടുത്ത മീനില്‍ നിന്നും പുഴുവിനെ കണ്ടെത്തി. ശനിയാഴ്ച കല്ലറയില്‍ നിന്ന് മീന്‍ വാങ്ങി കഴിച്ച 4 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ജില്ലയില്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ച നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഹോട്ടല്‍ സാഗര്‍, ഹോട്ടല്‍ ബ്ലൂ നെയില്‍ എന്നീ ഹോട്ടലുകള്‍ക്കും നോട്ടീസ് നല്‍കി. ഇവിടങ്ങളില്‍ നിന്ുംപഴകിയ ഭക്ഷണ സആധനങ്ങള്‍ കണ്ടെത്തിയിരുന്നു. ആലപ്പുഴ ഹരിപ്പാട് 25 കിലോ പഴകിയ മത്തി പിടികൂടി. ആലപ്പുഴയില്‍ ഒരു ഹോട്ടലും ഒരു ഹരിപ്പാട് തട്ടുകടയും പൂട്ടിച്ചു. വയനാട് കല്‍പ്പറ്റയിലും പരിശോധന ശക്തമായി തുടരുകയാണ്. നഗരത്തിലെ ആറു ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു. എട്ടു ദിവസത്തിന് ഇടയില്‍ 150ല്‍ അധികം സ്ഥാപനങ്ങളാണ് പൂട്ടിയത്. പരിശോധന ശക്തമായി തന്നെ തുടരാനാണ് വകുപ്പിന്റെ തീരുമാനം.