തിരുവനന്തപുരത്ത് ചന്തയില്‍ നിന്ന് വാങ്ങിയ മീനില്‍ പുഴു, തിരികെ കൊടുത്ത് പണം വാങ്ങി ഉപഭോക്താവ്

തിരുവനന്തപുരത്ത് വീണ്ടും മീനില്‍ പുഴുവിനെ കണ്ടെത്തി. കല്ലറ പഴയചന്ത ജംഗ്ഷനില്‍ നിന്ന് വാങ്ങിയ മീനിലാണ് വീണ്ടും പുഴുവിനെ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് ഉള്‍പ്പടെ സംസ്ഥാനത്തുടനീളം ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം ചന്തയില്‍ നിന്ന് മീന്‍ വാങ്ങിച്ചയാളാണ് പുഴുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതോടെ മീന്‍ തിരികെ നല്‍കി പണം തിരിച്ചു വാങ്ങിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടാതായതോടെ കളക്ടറേറ്റില്‍ പരാതിപ്പെട്ടു. വില്ലേജ് ഓഫീസറും വെഞ്ഞാറമൂട് പൊലീസും എത്തിയാണ് സാമ്പിള്‍ ശേഖരിച്ചത്.

കഴിഞ്ഞ ദിവസം പഴയചന്തയില്‍ നിന്ന് വാങ്ങിയ മീന്‍ കഴിച്ച് നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ബിജു എന്നയാളാണ് മീന്‍ വാങ്ങിച്ചത്. മീന്‍കറി വച്ച് കഴിച്ച ശേഷം ബിജുവിന്റെ മകള്‍ക്കാണ് ആദ്യം വയറുവേദന അനുഭവപ്പെട്ടത്. പിന്നാലെ ബിജുവിനും ഭാര്യയ്ക്കും രണ്ടാമത്തെ മകള്‍ക്കും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. നാല് പേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ചന്തയില്‍ നിന്ന് ശേഖരിച്ച മീനിന്റെ സാമ്പിള്‍ പരിശോധന ഫലം ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.