യുവതി ട്രെയിനിന് മുമ്പില്‍ ചാടി മരിച്ച സംഭവം, സ്ത്രീധന പീഡനമെന്ന് പരാതി

മലപ്പുറം വള്ളിക്കുന്നില്‍ യുവതി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതിന് പിന്നില്‍ സ്ത്രീധന പീഡനമെന്ന് പരാതി. ചാലിയം സ്വദേശി ലിജിനയാണ് കഴിഞ്ഞ ചൊവ്വാഴ്ച ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് ഷാലുവും വീട്ടുകാരും സ്വര്‍ണവും പണവും ചോദിച്ച് നിരന്തരം ഉപദ്രവിച്ചിരുന്നതായി ലിജിനയുടെ ബന്ധുക്കള്‍ ആരോപിച്ചു. പരാതിയെ തുടര്‍ന്ന് പരപ്പനങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭര്‍തൃവീട്ടില്‍ കൊടിയ പീഡനമാണ് ലിജിന നേരിട്ടിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. വിവാഹ സമയത്ത് ഷാലു ഓട്ടോ ഡ്രൈവറായിരുന്നു. 50 പവന്‍ സ്വര്‍ണവും വീട്ടിലേക്കുള്ള ഉപകരണങ്ങളുമടക്കം നല്‍കിയാണ് കെട്ടിച്ചയച്ചത്. ഷാലു പിന്നീട് ബിസിനസിലേക്ക് മാറി സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ കൂടുതല്‍ സ്വര്‍ണവും പണവും ചോദിച്ച് ലിജിനയെ മര്‍ദ്ദിക്കാന്‍ തുടങ്ങി.

മാനസികമായും ലിജിനയെ പീഡിപ്പിച്ചിരുന്നു. വീട്ടിലെ സാധനങ്ങള്‍ പോലും ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നില്ല. പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ലിജിന ആത്മഹത്യ ചെയ്തത്.

മരിക്കുന്നതിന് മുമ്പാണ് ഇക്കാര്യങ്ങള്‍ സ്വന്തം വീട്ടുകാരോട് ലിജിന വെളിപ്പെടുത്തിയത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ലിജിനയുടെ കുടുംബം പൊലീസിനും വനിത കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.