സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം; രണ്ടിടങ്ങളിലുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് രണ്ടിടങ്ങളിലുണ്ടായ വന്യജീവി ആക്രമണങ്ങളില്‍ രണ്ട് മരണം. പെരിങ്ങല്‍കുത്തിന് സമീപം വാച്ചുമരം കോളനി സ്വദേശി വത്സല കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കോഴിക്കോട് കക്കയം സ്വദേശി എബ്രഹാം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടു.

വാച്ചുമരം കോളനിയിലെ ഊരുമൂപ്പന്‍ രാജന്റെ ഭാര്യയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വത്സല. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ കയറിയപ്പോഴായിരുന്നു വത്സലയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. വത്സലയുടെ മൃതദേഹം കാട്ടില്‍ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നുണ്ട്.

Read more

കക്കയം പാലാട്ടില്‍ എബ്രഹാം കൊക്കോ കര്‍ഷകനായിരുന്നു. കക്കയം ഡാം സൈറ്റിന് സമീപത്തെ കൃഷിയിടത്തില്‍ കൊക്കോ വിളവെടുക്കുന്നതിനിടെയാണ് എബ്രഹാമിന് നേരെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. ഇതേ തുടര്‍ന്ന് എബ്രഹാമിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.