കോട്ടയം അയർക്കുന്നത്ത് ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ കൊല്ലപ്പെട്ട പശ്ചിമബംഗാൾ സ്വദേശിനി അൽപ്പാനയുടെ മൃതദേഹം കണ്ടെത്തി. പ്രതിയായ ഭർത്താവ് സോണി ചൂണ്ടിക്കാണിച്ച സ്ഥലത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ പതിനാലിനായിരുന്നു അൽപ്പാനയെ പ്രതി സോണി കൊലപ്പെടുത്തി കുഴിച്ച് മൂടിയത്. തല കല്ലിൽ ഇടിപ്പിച്ചാണ് ഭാര്യയെ കൊന്നതെന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. പണികൾ പൂർത്തിയാകുന്ന ഒരു വീടിനു സമീപത്തായിരുന്നു മൃതദേഹം കുഴിച്ചിട്ടിരുന്നത്. ഈ സ്ഥലം പ്രതി തന്നെയാണ് കാണിച്ച് കൊടുത്തതും. സംഭവത്തിന് പിന്നാലെ ഇയാൾ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് ഇന്നലെ ഇയാൾ നാട്ടിലേക്ക് മഠങ്ങൾ ഇരിക്കെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.


