മുതിര്‍ന്ന സിപിഐഎം നേതാവും വയനാട് ജില്ലാകമ്മിറ്റി അംഗവുമായ എ എന്‍ പ്രഭാകരൻ നടത്തിയ വിവാദ പ്രസംഗത്തിൽ പ്രതികരിച്ച് പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം. പ്രഭാകരൻ നടത്തിയത് തെറ്റിധരിപ്പിക്കുന്ന വർഗീയ പ്രസ്താവനയാണെന്നും ജനങ്ങളിൽ ഭിന്നിപ്പ് നടത്തി വർഗീയ ആക്ഷേപം നടത്തുന്ന പരാമർശത്തിൽ കടുത്ത അമർഷമുണ്ടെന്നും ലക്ഷ്മി ആലക്കമറ്റം പറഞ്ഞു. പനമരത്ത് മുസ്ലിം ലീഗ് മുസ്‌ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡൻ്റ് ആക്കിയെന്ന അധിക്ഷേപ പരാമർശത്തിലാണ് ലക്ഷ്മിയുടെ പ്രതികരണം.
പെണ്ണ്, ആദിവാസി എന്നൊക്കെ പറയാന്‍ ഇവര്‍ ആരാണ്? എന്ന് ലക്ഷ്മി ചോദിച്ചു. ഗോത്ര വര്‍ഗം, പട്ടിക വര്‍ഗം അങ്ങനെ അഭിസംബോധന ചെയ്യാമല്ലോ. എസ് ടി വിഭാഗത്തിൽ ഉള്ളവർക്ക് ഉയർന്ന സ്ഥാനത്തിലെത്താൻ പാടില്ലേ ? വംശീയ ആക്ഷേപമാണ് നടത്തിയത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കണമെന്നും ലക്ഷമി പറഞ്ഞു. അധിക്ഷേപ പരാമര്‍ശത്തിൽ എസ് എം എസിൽ പരാതി നൽകുമെന്നും ലക്ഷമി കൂട്ടിചേർത്തു.
പനമരത്ത് യുഡിഎഫ് മുസ്‌ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡൻ്റ് ആക്കിയെന്ന അധിക്ഷേപ പരാമര്‍ശമാണ് സിപിഐഎം നേതാവും വയനാട് ജില്ലാകമ്മിറ്റി അംഗവുമായ എ എന്‍ പ്രഭാകരൻ നടത്തിയത്. ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റാണെന്നും എ എൻ പ്രഭാകരൻ്റെ പ്രസംഗത്തിൽ പറയുന്നുണ്ട്. ‘കോണ്‍ഗ്രസുകാര്‍ സമര്‍ത്ഥമായി ലീഗുകാരിയായ ഹസീനയെ പുറത്താക്കി, ആദിവാസി പെണ്ണിനെ പ്രസിഡന്റാക്കി. അങ്ങനെ ആദ്യമായി പ്രസിഡന്റായ മുസ്ലീം വനിതയെ മറിച്ചിട്ടുവെന്ന ചരിത്രപരമായ തെറ്റാണ് ലീഗ് ചെയ്തിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ വീട് കയറുമ്പോള്‍ ലീഗുകാര്‍ കയ്യുംകെട്ടി നിന്ന് മറുപടി പറയേണ്ടി വരും’ എന്നാണ് പ്രഭാകരന്‍ പറഞ്ഞത്.
പനമരത്ത് അവിശ്വാസത്തിലൂടെ സിപിഐഎം ജനപ്രതിനിധിയ്ക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം നഷ്ടമായതിന് പിന്നാലെയാണ് സിപിഐഎം നേതാവിന്റെ പരാമര്‍ശം. അവിശ്വാസ പ്രമേയത്തിൽ സിപിഐഎം പ്രതിനിധിക്ക് സ്ഥാനം നഷ്ടമായതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് പ്രതിനിധിയായ ലക്ഷ്മി ആലക്കമറ്റം പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.







