'ബിജെപിയുടെ ഭിന്നിപ്പ് രാഷ്ട്രീയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ കോൺഗ്രസ് ഇടതുപക്ഷ സ്വഭാവമുള്ള പാർട്ടിയായി മാറി'; വിമർശിച്ച് ശശി തരൂർ

ബിജെപിയുടെ ഭിന്നിപ്പ് രാഷ്ട്രീയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ കോൺഗ്രസ് ഇടതുപക്ഷ സ്വഭാവമുള്ള പാർട്ടിയായി മാറിയെന്ന വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. ഹൈദരാബാദില്‍ റാഡിക്കൽ സെൻട്രിസം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നതിനിടയിലാണ് പരാമർശം. ബിജെപിയുടെ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസും ഇടതുപാർട്ടികളും ഒന്നിക്കുന്നത് റാഡിക്കൽ സെൻട്രിസത്തിന്റെ പ്രായോഗിക രൂപമാണോ എന്ന ചോദ്യത്തിന് മറുപടി നൽകവേയാണ് തരൂരിന്റെ വിമർശനം.

‘സമീപവർഷങ്ങളിൽ കോൺഗ്രസ് കൂടുതൽ ഇടതുപക്ഷ സ്വഭാവമുള്ള പാർട്ടിയായി മാറി. ബിജെപിയുടെ ഭിന്നിപ്പ് രാഷ്ട്രീയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. തൻ്റെ പരാമർശങ്ങൾ പ്രായോഗിക രാഷ്ട്രീയത്തിന്റെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ചല്ല, മറിച്ച് വിശ്വാസങ്ങളെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചാണെന്നും അവിടെ ചില വിടവുകൾ നികത്തേണ്ടതുണ്ട്’ -എന്നാണ് തരൂർ പറഞ്ഞത്.

തന്ത്രപരമായ ക്രമീകരണങ്ങൾ കൂടുതലായി നടത്തിയിട്ടുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു. സത്യത്തിൽ, ചില കാര്യങ്ങളിൽ, അതിന്റെ ഒരു പ്രത്യാഘാതം എൻ്റെ പാർട്ടി പഴയതിനേക്കാൾ കൂടുതൽ ഒരുതരം ഇടതുപാർട്ടിയായി മാറിയിരിക്കുന്നു എന്നതാണ്. ഡോ. മൻമോഹൻ സിങ്ങിന്റെ കാലത്തെ പാർട്ടിയെ നോക്കുകയാണെങ്കിൽ, അതിന്റെ സമീപനം കൂടുതൽ ബോധപൂർവം മധ്യനിലപാടുള്ളതായിരുന്നു എന്ന് വാദിക്കാം. മുൻ ബിജെപി സർക്കാരിന്റെ ചില നയങ്ങൾ അത് കടംകൊണ്ടിരുന്നു എന്നും തരൂർ പറഞ്ഞു.

Read more