മത വെറിയന്മാരുടെ ഉദ്ദേശ്യം മനസ്സിലായപ്പോള്‍ തള്ളിപ്പറഞ്ഞു; എസ്ഡിപിഐയ്‌ക്കെതിരെ ആഞ്ഞടിച്ച് പിസി ജോര്‍ജ്ജ്

എസ്ഡിപിഐക്കെതിരെ കടുത്ത വിമര്‍ശനവുമായി പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. നിരോധിത മത തീവ്ര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ പതിപ്പാണ് എസ്ഡിപിഐയെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. അവര്‍ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പിസി കൂട്ടിച്ചേര്‍ത്തു.

2016ല്‍ പരസ്യമായി താന്‍ എസ്ഡിപിഐയുടെ പിന്തുണ സ്വീകരിച്ചെന്നും യഥാര്‍ത്ഥ ഉദ്ദേശം മനസിലായപ്പോള്‍ തള്ളിപ്പറയാനും താന്‍ മടികാണിച്ചില്ലെന്നും പിസി ജോര്‍ജ്ജ് ഫേസ്ബുക്കില്‍ കുറിച്ചു. യുഡിഎഫും എല്‍ഡിഎഫും എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് പരസ്യ പ്രഖ്യാപനം നടത്തണമെന്നും പിസി ആവശ്യപ്പെട്ടു.

പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ;

നിരോധിത മത തീവ്ര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ പതിപ്പാണ് എസ്ഡിപിഐ എന്നത് എല്ലാ മലയാളികള്‍ക്കും അറിയുന്ന കാര്യമാണ്. ക്രിസ്ത്യാനിയോടും ഹിന്ദുവിനോടും അരിയും മലരും കുന്തിരിക്കവും വാങ്ങി കരുതി ഇരിക്കാന്‍ ഭീഷണി മുഴക്കിയ തീവ്രവാദികള്‍.
അവര്‍ ഈ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരസ്യമായി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. രണ്ട് മണ്ഡലത്തില്‍ എല്‍ഡിഎഫിന് രഹസ്യ പിന്തുണയും.

ഇങ്ങനെ ഒരു പരസ്യ പിന്തുണ ലഭിച്ചിട്ടും അതിനെ പരസ്യമായി സ്വീകരിക്കാനോ, തള്ളി പറയാനോ ആര്‍ജവം ഇല്ലാതെ രഹസ്യ കച്ചവടം നടത്തുകയാണ് യുഡിഎഫ്. കഴിഞ്ഞ നിയമസഭയില്‍ നൂറു മണ്ഡലത്തില്‍ പിന്തുണയും നാല്‍പതു മണ്ഡലത്തില്‍ യുഡിഎഫ് വോട്ട് ചിതറിക്കാന്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി അതില്‍ മുപ്പതിനാലും ജയിച്ച എല്‍ഡിഎഫിനും മൗനം.

2016ല്‍ ഒറ്റയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഞാന്‍ പരസ്യമായി പറഞ്ഞു ഏത് ചെകുത്താന്റെയും പിന്തുണ സ്വീകരിക്കുമെന്ന്. ഉടനെ എസ്ഡിപിഐ എന്നെ പിന്തുണച്ചു. ഞാന്‍ രാത്രിയിലോ, തലയില്‍ മുണ്ടു പുതച്ചോ, ഒളിച്ചും പാത്തും അല്ല പിന്തുണ വാങ്ങിയത്. നക്ഷത്ര ചിഹ്നമുള്ള അവരുടെ രക്ത ഹരിത പതാക പരസ്യമായി കയ്യിലേന്തി തന്നെയാണ് പിന്തുണ സ്വീകരിച്ചത്.

എന്നാല്‍ ഈ മത വെറിയന്മാരുടെ യഥാര്‍ത്ഥ ഉദ്ദേശം മനസ്സിലായപ്പോള്‍ പരസ്യമായി തന്നെ ഇവരെ തള്ളി പറയാനും ഞാന്‍ മടി കാണിച്ചിട്ടില്ല.
ഈ രാജ്യത്തെ സ്‌നേഹിക്കാത്ത ഒരു തീവ്രവാദിയുടെയും വോട്ട് വേണ്ട എന്നും ഞാന്‍ പറഞ്ഞത് പരസ്യമായി തന്നെ അതും ഇവന്റെ ഒകെ മൂക്കിന്റെ താഴെ ഈരാറ്റുപേട്ടയില്‍ നിന്നുകൊണ്ട്.

യുഡിഎഫിനും എല്‍ഡിഎഫിനും തന്റേടം ഉണ്ടെങ്കില്‍, സിരകളില്‍ ഓടുന്നത് കലര്‍പ്പില്ലാത്ത രക്തം ആണെന്ന് ഉറപ്പുണ്ടെങ്കില്‍ മത തീവ്രവാദികളുടെ പിന്തുണ വേണ്ട എന്ന് പരസ്യമായി പറയണം. അല്ലെങ്കില്‍ പിന്തുണ പരസ്യമായി സ്വീകരിച്ചു നന്ദി പറയാനുള്ള ചങ്കൂറ്റം കാണിക്കണം. ഇത് രണ്ടുമല്ലാതെ പകല്‍ അവരെ എതിര്‍ക്കുകയും രാത്രിയില്‍ അവിഹിത ബന്ധം പുലര്‍ത്തുകയും ചെയുന്ന ഇവരേക്കാള്‍ മാന്യതയും അന്തസ്സും അഭിസാരികകള്‍ക്കു പോലുമുണ്ട്.