'ഒരു മനുഷ്യനെയും കുടുംബത്തെയും നശിപ്പിക്കാൻ എന്ത് നെറികെട്ട സമീപനവും സ്വീകരിക്കാമെന്നാണ്'; വിമർശിച്ച് എകെ ബാലൻ

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതിചേര്‍ത്ത സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. കുറച്ച് ദിവസം കഴിയുമ്പോള്‍ എല്ലാ വസ്തുതകളും നിങ്ങള്‍ക്ക് ബോധ്യപ്പെടുമെന്ന് എ കെ ബാലന്‍ പറഞ്ഞു. ഇക്കഴിഞ്ഞ ദിവസമാണ് മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെയും എസ്എഫ്ഐഒ പ്രതി ചേർത്തത്.

ഒരു മനുഷ്യനെയും കുടുംബത്തെയും നശിപ്പിക്കുന്നതിന് വേണ്ടി എന്ത് നെറികെട്ട സമീപനവും സ്വീകരിക്കാം എന്നാണ് എന്നും എ കെ ബാലന്‍ പറഞ്ഞു. അതിന്റെ ആദ്യത്തെ തെളിവാണ് ലാവ്‌ലിന്‍ കേസെന്നും സുപ്രീംകോടതി പരിഗണിക്കുമ്പോൾ ആ കേസ് ഉള്ളി തൊലിച്ചതുപോലെ ആകുമെന്നും എ കെ ബാലൻ പരിഹസിച്ചു. പിണറായി വിജയന്റെ ഇമേജ് കൂട്ടുകയേയുള്ളൂ എന്നും എ കെ ബാലൻ.

അതേസമയം ഒരാളെയും ഇത്തരത്തില്‍ വേട്ടയാടാന്‍ പാടില്ലെന്നും എ കെ ബാലന്‍ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം വീണയെ പ്രതി ചേർത്തതിന് പിന്നാലെയും പ്രതികരണവുമായി എ കെ ബാലൻ രംഗത്തെത്തിയിരുന്നു. കേസിൽ പെടാൻ പോകുന്നത് പിണറായി വിജയനോ വീണയോ അല്ലെന്നും മറ്റ് ചിലരാണെന്നും എ കെ ബാലൻ പറഞ്ഞിരുന്നു.

നിലവിൽ മുഖ്യമന്ത്രിയുടെ മകൾ വീണയെയും സിഎംആർഎൽ മേധാവി ശശിധരൻ കർത്തയെയും ബോർഡ് അംഗങ്ങളെയും വിചാരണ ചെയ്യാൻ കോർപ്പറേറ്റ് കാര്യ മന്ത്രാലയമാണ് എസഎഫ്സിഒക്ക് അനുമതി നൽകിയത്. സാമ്പത്തിക ക്രമക്കേടിന് പത്ത് വർഷം തടവ് ലഭിക്കാവുന്ന കേസുകളാണ് വീണ അടക്കമുള്ള പ്രതികൾക്ക് മേൽ ചുമത്തിയിട്ടുള്ളത്.

സിഎംആറിൽ നിന്നും എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നും വീണയും ഹെക്സ ലോജിക്കും രണ്ട് കോടി എഴുപത്ത് ലക്ഷം അനധികൃതമായി കൈപ്പറ്റിയെന്ന് കണ്ടെത്തൽ. സേവനമില്ലതെ പണം കൈപറ്റിയതിനാണ് വീണക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. വിചാരണക്ക് അനുമതി കിട്ടിയതോടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി വഴി ഇനി വിചാരണ നടപടികൾ തുടരും.

Read more