മുസ്ലിം ക്ഷേമ വകുപ്പ് രൂപീകരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം- ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ മുസ്ലിം പിന്നാക്കാവസ്ഥയെ പരിഹരിക്കാനുള്ള ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങളും സംശയങ്ങളും ദുരീകരിക്കാന്‍ മുസ്ലിം ക്ഷേമ വകുപ്പ് രൂപീകരിച്ച് അത്തരം പദ്ധതികള്‍ ആ വകുപ്പിന് കീഴില്‍ കൊണ്ടുവരണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു.

മുസ്ലിം സാമൂഹ്യ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പാലൊളി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പ്രകാരമുള്ള സ്‌കോളര്‍ഷിപ്പുകളിലെ 80:20 അനുപാതം സംബന്ധിച്ച് ഉയര്‍ന്ന കോടതി വിധിയുടെ പശ്ചാത്തലം ആ പദ്ധതികള്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലായതിനാലാണ്. മുസ്ലിം ക്ഷേമ വകുപ്പ് രൂപീകരിക്കുകയും അതിന് കീഴില്‍ മുസ്ലിം ക്ഷേമ കോര്‍പ്പറേഷന്‍ രൂപീകരിച്ച് മുസ്ലിങ്ങള്‍ക്കായുള്ള പ്രത്യേക ക്ഷേമ പദ്ധതികള്‍ അതിന് കീഴിലേക്ക് കൊണ്ടുവന്നാല്‍ സംഘ്പരിവാറും തത്പരകക്ഷികളും പ്രചരിപ്പിക്കുന്ന വ്യാജ പ്രചരണങ്ങളെ തടയിടാനാകുകയും അത് സംബന്ധിച്ച സാങ്കേതിക കുരുക്കുകള്‍ അഴിക്കാനും പറ്റും.

നിലവിലെ പദ്ധതികള്‍ പുതിയ വകുപ്പ് രൂപീകരിച്ച് അതിലേക്ക് മാറ്റുമ്പോള്‍ നിലവില്‍ ലത്തീന്‍ ക്രൈസ്തവര്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും സംഭവിക്കുന്ന നഷ്ടം ഒഴിവാക്കാന്‍ പ്രത്യേക പദ്ധതികള്‍ ആ വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കണം. പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷനുള്ള ഫണ്ട് വിഹിതം വര്‍ദ്ധിപ്പിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പ്രത്യേകമായി പഠിക്കുകയും വേണം.

80:20 അനുപാതം സംബന്ധിച്ച കോടതി വിധിയില്‍ പിണറായി സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം ദുരൂഹമാണ്. സര്‍ക്കാര്‍ ഇതിന്‍മേല്‍ നിലപാട് വ്യക്തമാക്കണം. ന്യൂനപക്ഷം എന്ന സാങ്കേതിക പ്രശ്‌നത്തില്‍ കുരുങ്ങി മുസ്ലിം ക്ഷേമ പദ്ധതികളെ ദുര്‍വ്യാഖ്യാനം ചെയ്ത് മതധ്രൂവീകരണത്തിന് ശ്രമിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ മൗനം വളമാകുകയാണെന്നും സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സംസ്ഥാന എക്‌സിക്യൂട്ടിവ് പ്രസ്താവിച്ചു.