‘കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല സംരക്ഷിക്കുകയാണ്, ചേർത്ത് പിടിക്കുകയാണ് ചെയ്യുന്നത്'; രാഹുല്‍ മാങ്കൂട്ടത്തിലിനെ ലഷ്യംവെച്ച് നിയമസഭയിൽ ആരോഗ്യമന്ത്രി

കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ് ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ. പ്രത്യക്ഷമല്ലെങ്കിലും പരോക്ഷമായായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉന്നംവെച്ചുള്ള മന്ത്രിയുടെ പ്രസ്താവന. എം വിജിൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ ശിശുമരണ നിരക്ക് അമേരിക്കയെക്കാൾ കുറവാണെന്നും ഇത് അഭിമാനകരമായ ഒരു നേട്ടമാണോ എന്നുമായിരുന്നു എം വിജിന്റെ ചോദ്യം. ആശുപത്രികളിൽ എന്ത് നൂതനസംവിധാനങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയതെന്നും എം വിജിൻ ചോദിച്ചു. എന്നാൽ ഇത് വളരെ വലിയൊരു നേട്ടമാണെന്നും ശിശുമരണ നിരക്ക് അമേരിക്കൻ ഐക്യ നാടുകളിൽ 5.6 ഉള്ളപ്പോൾ കേരളത്തിൽ അത് 5 ആണെന്നും മന്ത്രി ചൂണ്ടി കാണിച്ചു. ഇത് അഭിമാനിക്കാവുന്ന നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

ശിശുമരണനിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതികൾ കഴിഞ്ഞ സർക്കാരിന്റ കാലം മുതലേ നടത്തി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല സംരക്ഷിക്കുകയാണെന്ന്, കുഞ്ഞുങ്ങളെ ചേർത്ത് പിടിക്കുകയാണ് ആരോഗ്യവകുപ്പ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഗര്‍ഭാവസ്ഥ മുതല്‍ മികച്ച പരിചരണമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകൾക്ക് പിന്നാലെ സഭയിൽ കയ്യടി മുഴങ്ങി.

Read more