മുല്ലപ്പെരിയാറിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നു; തെന്മല ഡാം ഇന്ന് തുറക്കും

കനത്തമഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയര്‍ന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137.05 അടിയായി. ഇടുക്കി ഡാമില്‍ ജലനിരപ്പ് 2380.32 അടിയായി. 2381.53 അടിയില്‍ ജലനിരപ്പ് എത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കും.

കല്ലാര്‍ അണക്കെട്ട് ഇന്ന് തുറന്നേക്കും. കല്ലാര്‍ പുഴയോരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കൊല്ലം തെന്മല ഡാം ഇന്ന് രാവിലെ 11ന് തുറക്കും. കല്ലടയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലമ്പുഴ ഡാം രാവിലെ തുറന്നേക്കില്ല. മഴ കുറഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനം.

അതേസമയം പെരിങ്ങല്‍കുത്ത് ഡാമിന്റെ നാലാമത്തെ ഷട്ടറും തുറന്നു. ചിമ്മനി ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നു വിടുകയാണ്. ഇതേ തുടര്‍ന്ന് കുറുമാലി പുഴയോരത്തുള്ളവര്‍ക്ക് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കേരള ഷോളയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും തുറന്നു.

ചാലക്കുടിപ്പുഴയുടെ തീരത്ത് ജാഗ്രത തുടരുന്നു. രാത്രി കാര്യമായ മഴ പെയ്യാത്തതിനെ തുടര്‍ന്ന് പുഴയിലെ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. ജലനിരപ്പ് നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ 7.27 മീറ്റര്‍ ആണ് പുഴയിലെ ജലനിരപ്പ്. ഇന്ന് പുലര്‍ച്ചെ വരെ നദിയിലെ ജലനിരപ്പ് അപകട നിലയിലേക്ക് ഉയര്‍ന്നിട്ടില്ല.