കോടതിയലക്ഷ്യം എടുക്കാനാണെങ്കിൽ വളരെ സന്തോഷം, എന്റെ പട്ടി മാപ്പു പറയും: എസ്. സുദീപ്

തന്റെ ഫെയ്‌സ്ബുക്ക് എഴുത്തുകൾ ഇംഗ്ലീഷിലേയ്ക്കു പരിഭാഷപ്പെടുത്താനായി മൂന്നു പേരെയാണ് കേരള ഹൈക്കോടതി ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അറിഞ്ഞതായി പെരുമ്പാവൂർ മുൻ സബ് ജഡ്ജി എസ്.സുദീപ്. ആർ എസ് എസ് – ബി ജെ പി നേതാക്കൾക്കൊപ്പം പരസ്യമായി വേദി പങ്കിടുന്ന ദേവൻ രാമചന്ദ്രനെയും, ജയ് ശ്രീറാം വിളിയെ സംഘ പരിവാർ അനുകൂല സംഘടനയുടെ വേദിയിൽ പരസ്യമായി വാഴ്ത്തുന്ന പഴയ ബി എം എസ് നേതാവ് നഗരേഷിനെയുമൊക്കെ പോലെയുള്ളവർ തന്റെ എഴുത്തിനെ കുറിച്ചു പറയാവുന്നതൊക്കെയും സത്യമാണോ എന്നറിയാനും, അവരെ പോലുള്ളവരെ കുറിച്ചു താൻ പറയുന്ന സത്യങ്ങൾ കേൾക്കാനുമായി, മലയാളം അറിയാത്ത ചീഫ് ജസ്റ്റിസ് അപ്രകാരം ചെയ്യുന്നതാണെന്നു വിശ്വസിക്കാനാണ് തനിക്ക് താത്പര്യം എന്ന് എസ്.സുദീപ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലെ വിവാദ പോസ്റ്റുകളുടെ പേരിൽ അച്ചടക്ക നടപടിക്കു ഹൈക്കോടതി ശിപാർശ ചെയ്ത പെരുമ്പാവൂർ സബ് ജഡ്ജി എസ്.സുദീപ് ജൂലായിൽ രാജിവെയ്ക്കുകയായിരുന്നു.

എസ് സുദീപിന്റെ കുറിപ്പ്:

എന്റെ എഫ് ബി എഴുത്തുകൾ ഇംഗ്ലീഷിലേയ്ക്കു പരിഭാഷപ്പെടുത്താനായി മൂന്നുപേരെയാണ് കേരള ഹൈക്കോടതി ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഒരാൾ വിളിച്ചു പറഞ്ഞു.

വിശദാംശങ്ങളും പറഞ്ഞു. അവിശ്വസിക്കാൻ കാര്യമൊന്നും കണ്ടില്ല.

ആർ എസ് എസ് – ബി ജെ പി നേതാക്കൾക്കൊപ്പം പരസ്യമായി വേദി പങ്കിടുന്ന ദേവൻ രാമചന്ദ്രനെയും, ജയ് ശ്രീറാം വിളിയെ സംഘ പരിവാർ അനുകൂല സംഘടനയുടെ വേദിയിൽ പരസ്യമായി വാഴ്ത്തുന്ന പഴയ ബി എം എസ് നേതാവ് നഗരേഷിനെയുമൊക്കെ പോലെയുള്ളവർ എന്റെ എഴുത്തിനെക്കുറിച്ചു പറയാവുന്നതൊക്കെയും സത്യമാണോ എന്നറിയാനും, അവരെപ്പോലുള്ളവരെക്കുറിച്ചു ഞാൻ പറയുന്ന സത്യങ്ങൾ കേൾക്കാനുമായി, മലയാളം അറിയാത്ത ചീഫ് ജസ്റ്റിസ് അപ്രകാരം ചെയ്യുന്നതാണെന്നു വിശ്വസിക്കാനാണ് എനിക്കു താല്പര്യം.

അതല്ല, ഇനി വരുന്ന പോസ്റ്റുകളിൽ കോടതി അലക്ഷ്യം എടുക്കാനാണെങ്കിൽ, വളരെ വളരെ സന്തോഷം.

എന്റെ പട്ടി മാപ്പു പറയും.

രാജിവച്ച ശേഷം എല്ലാ മാദ്ധ്യമങ്ങളും അഭിമുഖം ചോദിച്ചതാണ്. രാജിവച്ചതിന്റെ പിറ്റേന്നു മുതൽ കോടതികളെ പുലഭ്യം പറഞ്ഞു നടന്നോളാമെന്ന നേർച്ചയൊന്നും എനിക്കില്ല.

രാജിവച്ച ഉടനെ പുസ്തകം എഴുതി എല്ലാം വെളിപ്പെടുത്തിയാൽ മാത്രമേ ചൂടപ്പം പോലെ വിൽക്കപ്പെടൂ എന്നായിരുന്നു വിദഗ്ദ്ധോപദേശങ്ങൾ. ഞാൻ കച്ചവടക്കാരനുമല്ല.

മിണ്ടാതിരുന്നോളാമെന്നു ഞാൻ ആർക്കും വാക്കു നൽകിയിട്ടുമില്ല. എനിക്കു സൗകര്യമുള്ളപ്പോൾ ഞാനെഴുതും. എഴുതാനുള്ളതൊക്കെ എഴുതും. ആരു വായിച്ചാലും ഇല്ലെങ്കിലും എനിക്കു പുല്ലാണ്.

നേരു പറയുമ്പോൾ കോടതിയലക്ഷ്യത്തിനും, ദാമോദരൻ മോദിയുടെ സർക്കാർ ജനവിരുദ്ധ ഫാസിസ്റ്റ് ഭരണകൂടമാണെന്നു പറയുമ്പോൾ ദേശദ്രോഹത്തിനും കേസെടുക്കണം എന്നാണ് എന്റെ ആത്മാർത്ഥമായ ഒരിത്.
– ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ?

– ഈ കാക്കനാട്, അട്ടക്കുളങ്ങര ജയിലിലൊക്കെയിട്ട് എന്നെ കളിയാക്കല്ല്. ദൽഹി എനിക്കിഷ്ടാ. തിഹാറിലിടണം. ഇപ്പം വായിക്കാൻ തന്നെ സമയം തെകയണില്ല. അവിടാവുമ്പം ഒരുപാട് സമയം കിട്ടും. ഒത്തിരി എഴുതാനുമുണ്ട്.
ഉടുക്കു കൊട്ടു കേട്ടാൽ, വെടിക്കെട്ടുകാരന്റെ പട്ടി ഡാൻസ് ചെയ്യത്തേയൊള്ളു സാറമ്മാരേ…

Read more