രാഹുൽ മാങ്കൂട്ടത്തിൽ സമരവേദിയിലുണ്ടെങ്കിൽ പങ്കെടുക്കില്ലെന്ന് വി ഡി സതീശൻ, ആശാ സമരവേദിയിൽ നിന്നും സ്ഥലം കാലിയാക്കി രാഹുൽ; പിന്നാലെ വീണ്ടും തിരിച്ചെത്തി

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ആശാ സമരവേദിയിലുണ്ടെങ്കിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചതോടെ സ്ഥലം കാലിയാക്കി രാഹുൽ. പിന്നീട് പ്രതിപക്ഷനേതാവ് ചടങ്ങിലെത്തി ആശവർക്കർമാരുടെ സമര പ്രതിജ്ഞ റാലി ഉദ്ഘാടനം ചെയ്തു. ഇതിന് തൊട്ടുപിന്നാലെ വിഡിസതീശൻ മടങ്ങിയ ശേഷം വീണ്ടും രാഹുൽ മാങ്കൂട്ടത്തിൽ സമരവേദിയിലെത്തി.

ക്ഷണിക്കാതെ ആശാ സമരവേദിയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിലുണ്ടെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് സതീശൻ സമരസമിതിയെ അറിയിക്കുകയായിരുന്നു. രാഹുലെത്തിയതിൽ വലിയ അതൃപ്തി പ്രകടിപ്പിച്ച സതീശൻ വേദിയിലെത്താൻ തയ്യാറായില്ല. തുടർന്ന് രാഹുൽ മടങ്ങുകയും പ്രതിപക്ഷനേതാവ് ചടങ്ങിലെത്തി ആശവർക്കർമാരുടെ സമര പ്രതിജ്ഞ റാലി ഉദ്ഘാടനം ചെയ്തു.

ഇതിന് പിന്നാലെ രാഹുൽ വീണ്ടും സ്ഥലത്തെത്തി. എന്നാൽ അങ്ങനെ ഒരു സംഭവമല്ല നടന്നതെന്ന് രാഹുൽ വിശദീകരിച്ചു. താനിവിടെ ഉണ്ടെന്ന് അറിഞ്ഞിട്ട് തന്നെയല്ലേ പ്രതിപക്ഷ നേതാവ് ഇങ്ങോട്ട് തിരിച്ചതെന്ന് ചോദിച്ച രാഹുൽ വി ഡി സതീശൻ ഇവിടെ ഉദ്ഘാടകനാണെന്ന് അറിഞ്ഞിട്ട് തന്നെയല്ലേ താനിവിടെ വന്നതെന്നും പറഞ്ഞു. നിങ്ങൾ അദ്ദേഹത്തെ വില കുറച്ചുകാണാൻ നിൽക്കണ്ടെന്നും ഈ സമരത്തെ പറ്റി ഞങ്ങൾക്ക് നല്ല ബോധ്യമുണ്ടെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം സംഭവത്തിൽ പ്രതികരിച്ച് ആശ സമരസമിതി രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കുറ്റവാളിയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ആശ സമരസമിതി വൈസ് പ്രസിഡന്റ്‌ എസ് മിനി പറഞ്ഞു. നിയമസഭയിൽ നിന്നാണ് രാഹുൽ ആശാ സമരവേദിയിലെത്തിയത്. കുറ്റവാളി ആയിരുന്നെങ്കിൽ രാഹുലിനെ സഭയിൽ നിന്നായിരുന്നു ആദ്യം പുറത്താക്കേണ്ടിയിരുന്നത്. രാഹുലിനെ കുറ്റവാളിയാണെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കണമെന്നാണ് നിലപാട്. വ്യക്തിയുടെ ക്രെഡിബിലിറ്റി തീരുമാനിക്കേണ്ടത് സമരസമിതി അല്ലെന്നും അവർ തന്നെയാണെന്നും സമരവും രാഹുൽ വന്നതിലും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും എസ് മിനി വ്യക്തമാക്കി.

Read more