ആര്യ രാജേന്ദ്രന് എതിരായ കത്ത് വിവാദം; അട്ടിമറിയ്ക്കുന്നത് മുഖ്യമന്ത്രി നേരിട്ടെന്ന് വി.ഡി സതീശന്‍

മേയര്‍ ആര്യ രാജേന്ദ്രനെതിരായ കത്ത് വിവാദം അട്ടിമറിക്കപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത് അട്ടിമറിക്കുന്നത് മുഖ്യമന്ത്രി നേരിട്ടാണെന്നും അദ്ദേഹം പറഞ്ഞു. കത്ത് കത്തിച്ചതിന് പൊലീസ് കേസെടുക്കാന്‍ തയ്യാറാകണം. ഫോണില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ മൊഴിയെടുത്തത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സമാന്തര എംപ്ലോയ്മന്റ് എക്സേഞ്ചും പിഎസ്സിയും സിപിഎം നടത്തുകയാണ്. ആനാവൂര്‍ നാഗപ്പന്‍ എംപ്ലോയ്മെന്റ് എക്സഞ്ച് ഡയറക്ടറായോ. കേസുകളില്‍ കോണ്‍ഗ്രസിനോട് മറ്റൊരു നീതിയാണെന്നും സതീശന്‍ പറഞ്ഞു.

അതേസമയം, കത്ത് വിവാദത്തില്‍ പ്രത്യേക കൗണ്‍സില്‍ യോഗം ചേരും. എന്നാല്‍, മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കരുതെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട്. ഡെപ്യൂട്ടി മേയര്‍ അധ്യക്ഷത വഹിക്കണമെന്നാണ് ആവശ്യം. യുഡിഎഫ് മേയര്‍ക്ക് കത്ത് നല്‍കി. കൗണ്‍സില്‍ യോഗ സമയം നീട്ടണമെന്ന ആവശ്യവുമായി ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. നാളെ വൈകീട്ട് നാല് മണി മുതല്‍ ആറ് മണി വരെയാണ് പ്രത്യേക കൗണ്‍സില്‍ യോഗം.

ആനാവൂര്‍ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്.കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. മേയറുടെ കത്ത് ചില സിപിഐഎം നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകള്‍ വഴിയാണ് പരസ്യമായത്.

കത്തിനെ കുറിച്ചുളള എല്ലാ ചോദ്യത്തിനും അറിയില്ല എന്ന മറുപടിയായിരുന്നു ആനാവൂര്‍ നാഗപ്പന്‍ നല്‍കിയത്. ‘അങ്ങനെയൊരു കത്ത് എന്റെ കയ്യില്‍ കിട്ടിയിട്ടില്ല. അങ്ങനെയൊരു കത്തുളള കാര്യം എനിക്ക് അറിഞ്ഞുകൂടാ. അങ്ങനെയൊരു കത്ത് എഴുതാന്‍ മേയര്‍ക്ക് കഴിയില്ല. എന്താണ് സംഭവമെന്നത് അറിയില്ല. കത്ത് എന്തായാലും ഉളളതായി കരുതുന്നില്ല. സംഭവത്തിന് പിന്നില്‍ എന്താണുളളതെന്ന് അന്വേഷിക്കും.’