വര്‍ക്കല ശിവപ്രസാദ് കൊലക്കേസ്; ആറ് പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി

വര്‍ക്കല ശിവപ്രസാദ് കൊലക്കേസിലെ ആറു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതിയും ദളിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് എന്ന സംഘടനയുടെ സംസ്ഥാന ചെയര്‍മാനുമായ ആലുവ സ്വദേശി ശെല്‍വരാജ്, തെക്കന്‍ മേഖല ഓര്‍ഗനൈസര്‍ ചെറുന്നിയൂര്‍ സ്വദേശി ദാസ്, കൊല്ലം പെരുമ്പുഴ സ്വദേശി ജയചന്ദ്രന്‍, ചെറിയന്നൂര്‍ സ്വദേശി മധു, വര്‍ക്കല സ്വദേശി സുര, അയിരൂര്‍ സ്വദേശി പൊന്നുമോന്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

അഡീഷണല്‍ സെഷന്‍സ് കോടതി ഇവരെ ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിലെ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലിലാണ് നടപടി. പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി.

അതേ സമയം അഞ്ചാം പ്രതിയായ സുധി നാരായണന്‍ കുറ്റം ചെയ്‌തെന്ന് കണ്ടെത്തിയ ഹൈക്കോടതി ഇയാളുടെ ശിക്ഷ ശരിവെച്ചു. ദളിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് (ഡിഎച്ച്ആര്‍എം) എന്ന സംഘടനയെ പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

2009 സെപ്റ്റംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം. വര്‍ക്കല അയിരൂര്‍ സ്വദേശിയായ ശിവപ്രസാദിനെ പ്രഭാത സവാരിക്കിടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിനേറ്റ വെട്ടുകളായിരുന്നു മരണകാരണം. പ്രതികള്‍ക്ക് ശിവപ്രസാദിനോട് മുന്‍ വൈരാഗ്യമുണ്ടായിരുന്നില്ലെന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.