കായികമേളയിൽ പ്രതിഷേധിച്ച സ്കൂളുകളുടെ വിലക്ക് പിൻവലിക്കുമെന്ന് വി ശിവൻകുട്ടി; അധ്യാപകർക്കെതിരായ നടപടി തുടരും

സ്കൂൾ കായികമേളയുടെ സമാപന സമ്മേളന വേദിയിൽ പ്രതിഷേധിച്ച സ്കൂളുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിലക്ക് പിൻവലിച്ചുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകം ഇറങ്ങും. പ്രതിഷേധത്തിൽ ഖേദം പ്രകടപ്പിച്ച് സ്കൂളുകൾ നൽകിയ കത്ത് അംഗീകരിച്ചുകൊണ്ടാണ് വിലക്ക് പിൻവലിച്ചതായി മന്ത്രി നിയമസഭയെ അറിയിച്ചത്.

എന്നാൽ അധ്യാപകർക്ക് എതിരായ നടപടി തുടരുമെന്നും ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി. കായിക മേളയിലെ മോശം പെരുമാറ്റത്തിന് നാവമുകുന്ദ, മാർ ബേസിലിൽ സ്കൂളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് പിൻവലിച്ചത്. കമ്മിറ്റി റിപ്പോർട്ടിന് ശേഷം അധ്യാപകർക്കെതിരായ നടപടി പുനഃപരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.

വിലക്ക് പിൻവലിക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് നേരത്തെ എടുത്തിരുന്നുവെന്നും മന്ത്രി അറിയിച്ചു. നവംബറിൽ നടന്ന സംസ്ഥാന സ്‌കൂൾ കായികമേള സമാപനച്ചടങ്ങിൽ പോയിൻ്റ് തർക്കത്തെച്ചൊല്ലി വിദ്യാർത്ഥികളും പൊലീസുമായി സംഘർഷം ഉണ്ടായ പശ്ചാത്തലത്തിലാണ് സർക്കാർ പ്രതിഷേധിച്ച സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നത്.

Read more