തൃശൂര്‍പൂരം അലങ്കോലമാക്കല്‍ ഗൂഢാലോചന ആരോപണത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ പോലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. എഡിജിപി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. തിരുവനന്തപുരത്ത് വെച്ച് അതീവ രഹസ്യമായിട്ടാണ് ചോദ്യം ചെയ്യല്‍ നടന്നത്. 2024ലെ തൃശൂര്‍ പൂരം ചടങ്ങുകള്‍ അലങ്കോലമായതിന്റെ പേരില്‍ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചതിനു പിന്നാലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നതും പിന്നീടുണ്ടായ സംഭവ വികാസങ്ങളും കേരള രാഷ്ട്രീയത്തില്‍ വലിയ ചലനം സൃഷ്ടിച്ചിരുന്നു.
മറ്റു വാഹനങ്ങള്‍ക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് സിപിഐയും യുഡിഎഫും അന്ന് ആരോപണം ഉന്നയിച്ചിരുന്നു. പക്ഷേ ബിജെപി നേതാക്കളടക്കം പറഞ്ഞ കാര്യം സുരേഷ് ഗോപി തള്ളിക്കളഞ്ഞതും മായക്കാഴ്ചയായിരിക്കും താന്‍ ആംബുലന്‍സില്‍ വന്നിറങ്ങിയതെന്നും പ്രതികരിച്ചതോടെ ബിജെപിയ്ക്കുള്ളിലും വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. പൂരം അലങ്കോലപ്പെട്ടപ്പോള്‍ താന്‍ ആംബുലന്‍സില്‍ വന്നതായി കണ്ടെങ്കില്‍ അത് മായക്കാഴ്ച ആണെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. പൊലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ദേവസ്വങ്ങള്‍ പൂരച്ചടങ്ങുകള്‍ നിര്‍ത്തിവച്ച രാത്രി തിരുവമ്പാടി ദേവസ്വത്തിന്റെ ഓഫിസിലേക്ക് ആംബുലന്‍സില്‍ സുരേഷ് ഗോപി എത്തിയെന്നതിനെ ന്യായീകരിച്ച് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രസംഗിച്ചു തീര്‍ന്നതിനു പിന്നാലെ ആ വാദം തള്ളി സുരേഷ് ഗോപി പ്രസംഗിച്ചതോടെയാണ് പാര്‍ട്ടി നേതൃത്വം വെട്ടിലായത്. സുരേന്ദ്രന്‍ വിശ്വസിക്കുന്നതു പോലെ ആംബുലന്‍സില്‍ താനവിടെ പോയിട്ടില്ലെന്നും ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയതെന്നുമാണ് പിന്നാലെ പ്രസംഗിച്ച സുരേഷ് ഗോപി പറഞ്ഞത്.
പൂരം കലക്കല്‍ നിങ്ങള്‍ക്കിത് ബൂമറാങ്ങാണ്. സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ ഞാനവിടെ പോയിട്ടില്ല. സാധാരണ കാറിലാണ് എത്തിയത്. ജില്ലാ അധ്യക്ഷന്റെ സ്വകാര്യ വാഹനത്തിലാണ് അവിടെ എത്തിയത്. ആംബുലന്‍സില്‍ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ യഥാര്‍ഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാക്കണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ല. അത് അന്വേഷിച്ചറിയണമെങ്കില്‍ സിബിഐ വരണം. നേരിടാന്‍ ഞാന്‍ തയ്യാറാണ്. സിബിഐയെ ക്ഷണിച്ചുവരുത്തണം.
സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യം ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. സ്വരാജ് റൗണ്ട് വരെ തന്റെ കാറിലാണ് എത്തിയതെന്നും അവിടെനിന്ന് തിരുവമ്പാടി ദേവസ്വം ഓഫിസിലേക്ക് ആംബുലന്‍സിലാണ് പോയതെന്നും അനീഷ് കുമാര്‍ സുരേഷ് ഗോപിയുടെ പ്രസംഗത്തിനു പിന്നാലെ വിശദീകരിച്ചെങ്കിലും സുരേഷ് ഗോപി താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പിന്നീട് ആംബുലന്‍സില്‍ തന്നെയല്ലേ പോയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് രോഷാകുലനായി മൂവ് ഔട്ട് എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
പിന്നീട് ഒരു ആഴ്ചയ്ക്ക് ശേഷം തൃശ്ശൂരിലെ പൂരപ്പറമ്പിലെത്താന്‍ ആംബുലന്‍സ് ഉപയോഗിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി സമ്മതിക്കുകയാരുന്നു. മായക്കാഴ്ചയാവുമെന്ന് പറഞ്ഞയിടത്ത് നിന്ന് കാലിന് അസുഖമായിരുന്നതിനാലാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്ന് സുരേഷ് ഗോപി തിരുത്തി പറഞ്ഞു. 15 ദിവസം കാല്‍ ഇഴച്ചാണ് നടന്നതെന്നും കാന കടക്കാന്‍ സഹായിച്ചത് ഒരു രാഷ്ട്രീയത്തിലുമില്ലാത്ത യുവാക്കളാണെന്നുമെല്ലാം പറഞ്ഞാണ് മായക്കാഴ്ച ഡയലോഗ് മറയ്ക്കാന്‍ സുരേഷ് ഗോപി ശ്രമിച്ചത്.
പൂരം അലങ്കോലപ്പെട്ടതിനുപിന്നാലെ മന്ത്രിമാര്‍ക്കുപോലും എത്താന്‍ കഴിയാതിരുന്നിടത്ത് സുരേഷ് ഗോപി ആംബുലന്‍സിലെത്തിയത് വലിയ വിവാദമായിരുന്ന സമയത്താണ് പറഞ്ഞത് മാറ്റിപ്പറഞ്ഞു തിരുത്തിയും സുരേഷ് ഗോപി വിഷയത്തില്‍ ഉരുണ്ടുകളിച്ചത്. ആംബുലന്‍സ് യാത്രയിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷവും രംഗത്തെത്തിയതോടെ ആംബുലന്‍സില്‍ വന്നിട്ടില്ലെന്നും അങ്ങനെ തോന്നിയത് മായക്കാഴ്ചയാണെന്നും ആവര്‍ത്തിച്ചുപറഞ്ഞ സുരേഷ് ഗോപി ബിജെപിയുടെ നേതൃത്വത്തേയും വെട്ടിലാക്കിയാണ് ഒടുവില്‍ തുറന്നുസമ്മതിച്ചത്. സംഭവത്തില്‍ പൊലീസ് രഹസ്യമായി നടത്തിയ ചോദ്യം ചെയ്യലില്‍ പൂരം അലങ്കോലപ്പെട്ടെന്ന് അറിയിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്നും ഇവര്‍ അറിയിച്ചതനുസരിച്ചാണ് താന്‍ സംഭവ സ്ഥലത്തേക്ക് എത്തിയതെന്നും സുരേഷ് ഗോപി മൊഴി നല്‍കിയതായാണ് വിവരം.