'ശബരിമലയിലെ അനിയന്ത്രിത തിരക്കിന് കാരണം സംസ്ഥാന സർക്കാരിൻ്റെ നിരുത്തരവാദപരമായ സമീപനം'; കെ സി വേണുഗോപാൽ

ശബരിമലയിലെ അനിയന്ത്രിത തിരക്കിന് കാരണം സംസ്ഥാന സർക്കാരിൻ്റെ നിരുത്തരവാദപരമായ സമീപനമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ശബരിമലയിൽ സർക്കാർ ഉത്തരവാദിത്ത ബോധമില്ലാതെ പെരുമാറിയെന്ന് കെ സി വേണുഗോപാൽ ആരോപിച്ചു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്ന് മുഖം രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടെ ഇക്കാര്യം സർക്കാർ പൂർണമായും അവഗണിക്കുകയായിരുന്നുവെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.

ചെയ്യേണ്ട കാര്യങ്ങളൊന്നും സർക്കാർ ഇത്തവണ ചെയ്‌തില്ല. സംസ്ഥാന സർക്കാരിൻ്റെ പൂർണമായ നിരുത്തരവാദപരമായ സമീപനം കാരണമാണ് ഇന്നത്തെ അസാധാരണമായ തിരക്ക്. മുൻകാലങ്ങളിലൊക്കെ എത്ര റിവ്യൂ മീറ്റിങുകൾ നടത്താറുണ്ട്. എല്ലാ ഏജൻസികളെയും വിളിച്ചുകൂട്ടി സാധാരണ റിവ്യൂ മീറ്റിങുകൾ നടത്താറുണ്ട്. എന്നാൽ, ഇത്തവണ അതൊന്നും കണ്ടില്ല എന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ഇനിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറെടുപ്പുകൾ നടത്തണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിനെ കുറ്റം പറഞ്ഞതുകൊണ്ട് മാത്രം ഒന്നും ആയില്ല, സ്വന്തം കെടുകാര്യസ്ഥത മറച്ചുവെക്കാനുള്ള ശ്രമത്തിനിടെ ഉണ്ടാക്കിവെച്ച പിടിപ്പുകേടാണ് ഇന്നത്തെ ശബരിമലയിലെ തിരക്കെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Read more