പി.ജെ ജോസഫിനെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കം; ഇരുവിഭാഗങ്ങളുമായി യു.ഡി.എഫ് നേതാക്കളുടെ ചര്‍ച്ച ഇന്ന്

തിരഞ്ഞെടുപ്പ് പ്രചാരണം ഒറ്റയ്ക്ക് നടത്തുമെന്ന് പ്രഖ്യാപിച്ച പി.ജെ ജോസഫിനെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കം. ജോസഫ് വിഭാഗം നേതാക്കളായ മോന്‍സ് ജോസഫ്, ജോയ് എബ്രഹാം എന്നിവരുമായി യു.ഡി.എഫ് നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും. ജോസ് കെ മാണി വിഭാഗവുമായും കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്.

അതേസമയം പാലായില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് മുന്നണികള്‍. ആദ്യ റൌണ്ട് പ്രചാരണം നേരത്തെ തന്നെ എല്‍.ഡി.എഫ് പൂര്‍ത്തിയാക്കി. സ്ഥാനാര്‍ത്ഥിക്കൊപ്പം ദിവസങ്ങള്‍ കൊണ്ട് മണ്ഡലത്തിലാകെ ഓടിയെത്താനായി എന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്.

വീടുകള്‍ കയറിയുള്ള സ്ക്വാഡ് വര്‍ക്കിലാണ് താഴെത്തട്ടിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍‌ കേന്ദ്രീകരിക്കുന്നത്. എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ബൂത്ത് തല കണ്‍വെന്‍ഷനുകള്‍ അവസാന ഘട്ടത്തിലാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ മേലുകാവ്, തലനാട്, മൂന്നിലവ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്ന് പ്രചാരണം കേന്ദ്രീകരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം വിവിധ ബൂത്ത് തല കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും. മണ്ഡലം കണ്‍വെന്‍ഷന്‍ കഴിഞ്ഞതോടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍ ഹരിയും പ്രചാരണം കൂടുതല്‍ ശക്തമാക്കി.