നിപയിൽ കൂടുതൽ ആശ്വാസം; ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ ഉൾപ്പടെ രണ്ടുപേർ രോ​ഗമുക്തരായി, ഇന്ന് ആശുപത്രി വിടും

ദിവസങ്ങളായി കേരളത്തെ ആശങ്കപ്പെടുത്തിയ നിപ ഭീതി ഒഴിയുന്നു . നിപ വൈറസ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേർ രോ​ഗമുക്തരായി. ചികിത്സിൽ കഴിഞ്ഞിരുന്ന ഒൻപത് വയസുകാരന്റേയും 25 വയസുകാരന്റേയും സ്രവ പരിശോധനാ ഫലങ്ങളാണ് നെ​ഗറ്റീവായത്. ഇരുവരും ഇന്ന് ആശുപത്രി വിടും.

ആദ്യം രോഗം ബാധിച്ച് മരിച്ചയാളുടെ ഭാര്യാ സഹോദരനും മകനുമാണ് രോഗമുക്തി നേടിയത്. ഓഗസ്റ്റ് 11 നാണ് ഇരുവര്‍ക്കും നിപ സ്ഥിരീകരിക്കുന്നത്. ഇതിനിടയിൽ ഒമ്പതു വയസ്സുകാരന് രോഗം മൂര്‍ച്ഛിച്ചു ഗുരുതരാവസ്ഥയിൽ ആയിരുന്നു. രണ്ടാഴ്ചയോളം കുട്ടി വെന്റിലേറ്ററിലുമായിരുന്നു.

നിപ ബാധിതരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ പരിശോധനാ ഫലങ്ങൾ നെ​ഗറ്റീവായതോടെ കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസം തുറന്നിരുന്നു. ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസിലേക്ക് അയച്ച 42 സാമ്പിളുകളും കഴിഞ്ഞ ദിവസം നെ​ഗറ്റീവായിരുന്നു. വവ്വാലുകള്‍ ഉള്‍പ്പെടെയുള്ളവയുടെ സാമ്പിളുകളാണ് നെഗറ്റീവ് ആയത്.

സെപ്റ്റംബര്‍ 21 നാണ് വവ്വാലുകള്‍, കാട്ടു പന്നി എന്നിവ ഉള്‍പ്പെടെയുള്ളവയുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. ആദ്യം നിപ ബാധിച്ച് മരിച്ച മുഹമ്മദലിയുടെ പ്രദേശമായ മരുതോങ്കരയില്‍ നിന്നാണ് പ്രധാനമായും സാമ്പിളുകള്‍ ശേഖരിച്ചത്. ഈ പ്രദേശത്ത് കാട്ടുപന്നികള്‍ തുടര്‍ച്ചയായി ചത്ത നിലയില്‍ കാണപ്പെട്ടത് സംശയത്തിന് ഇടയാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മേഖല കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നത്.