കച്ചവടം ചെയ്യുന്നതിനിടെ ആണുംപെണ്ണും കെട്ടവരെന്ന് വിളിച്ച് അധിക്ഷേപം; പരാതി നൽകിയെങ്കിലും പൊലീസും കൈയൊഴിഞ്ഞു; കണ്ണീരുമായി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി

കച്ചവടം ചെയ്യുന്നതിനിടെ ആണുംപെണ്ണും കെട്ടതെന്ന് അധിക്ഷേപിച്ച് കച്ചവടം ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് കണ്ണീരോടെ ട്രാന്‍സ്‌ജെന്‍ഡര്‍ സജന. വഴിയോരത്ത് ബിരിയാണിയും ഊണും പൊതിയിലാക്കി വിറ്റ് ഉപജീവനം കണ്ടെത്തി ജിവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറിനെ കച്ചവടം ചെയ്യാന്‍ പോലും സമ്മതിക്കാതെ ഒരുകൂട്ടര്‍ ഉപദ്രവിക്കുന്നു എന്നാണ് പരാതി. പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയെങ്കിലും വിഷയത്തിൽ കാര്യമായ ഇടപെടൽ അവർ നടത്തിയില്ലെന്നും സജന ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആരോപിക്കുന്നു. കൊച്ചി ഇരുമ്പനത്താണ് സജ്‌ന ബിരിയാണി വില്‍പ്പന നടത്തുന്നത്.

“പണിയെടുത്ത് ജീവിക്കാനും സമ്മതിക്കുന്നില്ല. ഞങ്ങള്‍ അഞ്ചു ട്രാന്‍സ്‌ജെന്‍ഡേഴ്സിന്റെ വയറ്റിപ്പിഴപ്പാണ്. കുടുക്ക പൊട്ടിച്ച് കിട്ടിയ പണം കൊണ്ട് തുടങ്ങിയതാണ്. ഭിക്ഷ യാചിക്കാന്‍ പോയതല്ല. പണി എടുത്ത് ജീവിക്കാന്‍ പോയതാണ് അതിനും സമ്മതിക്കുന്നില്ല..”-വീഡിയോയില്‍ പറയുന്നു.

പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോൾ ബിരിയാണി വില്‍പ്പനയല്ല പൊലീസിന്റെ പണി എന്നായിരുന്നു മറുപടിയെന്നും സജന വീഡിയോയില്‍ പറയുന്നു. ബാക്കി വന്ന ബിരിയാണിയും ഊണുകളും സജന വീഡിയോയില്‍ കാണിക്കുന്നു. 150 ബിരിയാണിയും 20 ഊണുമായി കച്ചവടത്തിന് പോയിട്ടും ഇന്ന് 20 എണ്ണം മാത്രമാണ് വില്‍ക്കാനായതെന്നും പറയുന്നുമുണ്ട്.

ആരോടും പോയി പറയാനില്ല. ആരും അഭിപ്രായം കേള്‍ക്കാനുമില്ല. ഞങ്ങള്‍ ഇങ്ങനെയായി പോയത് ഞങ്ങളുടെ കുറ്റം കൊണ്ടല്ലല്ലോ. സമൂഹത്തില്‍ അന്തസ്സായി ജോലിയെടുത്ത് ജീവിക്കാനും സമ്മതിക്കില്ലെങ്കില്‍ ഞങ്ങളെന്ത് ചെയ്യുമെന്ന് സജന വീഡിയേയിലൂടെ ചോദിക്കുന്നുണ്ട്.