പീഡന കേസ്: തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

 

പീഡന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. അദാനി ഗ്രൂപ്പ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് എതിരെയാണ് പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്. സംഭവത്തില്‍ ഗിരി മധുസൂദന റാവുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

സഹപ്രവര്‍ത്തകയാണ് ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയത്. പൊലീസിനൊപ്പം വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിനും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് തുമ്പ പൊലീസ് കേസെടുത്തു. ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

അദാനി ഗ്രൂപ്പ് പീഡന പരാതി സ്ഥിരീകരിച്ചിരുന്നു. പരാതി ലഭിച്ചയുടന്‍ തന്നെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് അദാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇത്തരം പരാതികളില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.