തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; പോളിംഗ് സാമഗ്രി വിതരണം ആരംഭിച്ചു, കള്ളവോട്ട് തടയാന്‍ കര്‍ശന നടപടിയെന്ന് കളക്ടര്‍

തൃക്കാക്കരയില്‍ ജനം പോളിംഗ് ബൂത്തിലേക്കെത്താന്‍ ഒരു ദിവസം കൂടി ബാക്കി നില്‍ക്കെ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. ഇന്ന് രാവിലെ എറണാകുളം മഹാരാജാസ് കോളേജില്‍ രാവിലെ ആരംഭിച്ച സാമഗ്രികളുടെ വിതരണം പുരോഗമിക്കുകയാണ്. അതേസമയം കളളവോട്ട് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.

പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കി. അഞ്ചില്‍ കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ ഉള്ള പോളിംഗ് സ്റ്റേഷനുകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാര്‍ ഉണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു. പോളിംഗ് സ്റ്റേഷനുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് മരിച്ചുപോയവരുടെ, സ്ഥലത്തില്ലാത്തവരുടെ, വിവരങ്ങടങ്ങിയ പ്രത്യേക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വോട്ടര്‍പ്പട്ടികാ ക്രമക്കേട്, കള്ളവോട്ടിന് സാധ്യത തുടങ്ങിയ ആരോപങ്ങള്‍ തൃക്കാക്കരയില്‍ യുഡിഎഫ് ഇതിനോടകം ഉയര്‍ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്.

ഒരു മാസം നീണ്ട പ്രചാരണത്തിന് ഒടുവില്‍ തൃക്കാക്കര നാളെയാണ് പോളിംഗ് ബൂത്തിലെത്തുന്നത്.ഇന്നലെ പാലാരിവട്ടം ജംഗ്ഷനിലായിരുന്നു മൂന്നുമുന്നണികളുടെയും കൊട്ടിക്കലാശം. പരസ്യ പ്രചാരണം അവസാനിച്ചതോടെ ഇനി നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകളാണ്. സ്വകാര്യ കൂടിക്കാഴ്ചകള്‍ മാത്രമാണ് ഇന്ന് നടക്കുക. പരസ്യ പ്രചാരണം അവസാനിച്ച പശ്ചാത്തലത്തില്‍ മണ്ഡലത്തിന് പുറത്തുനിന്ന് വന്ന നേതാക്കളും പ്രവര്‍ത്തകരും തൃക്കാക്കര വിട്ട് പോകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നാളെ രാവിലെ ഏഴു മണി മുതലാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളേജില്‍ രാവിലെ 7 30 മുതല്‍ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങും. മണ്ഡലത്തിലാകെ 239 പോളിങ് ബൂത്തുകളാണ് സജീകരിച്ചിരിക്കുന്നത്. പരമാവധി 20000 വരെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉമാ തോമസിന് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ബൂത്ത് അടിസ്ഥാനത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അട്ടിമറി വിജയം ഉറപ്പാണ് എന്നാണ് എല്‍ഡിഎഫ് പറയുന്നത്. പി സി ജോര്‍ജ് വിഷയത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചു എന്നാണ് എന്‍ഡിഎ വിലയിരുത്തല്‍.

ആകെ 196688 ആകെ വോട്ടര്‍മാരാണ് തൃക്കാക്കര മണ്ഡലത്തില്‍ ഉള്ളത്. 2478 കന്നി വോട്ടര്‍മാരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുക. നൂറു വയസ്സിനു മുകളിലുള്ള 22 പേരും ബൂത്തില്‍ എത്തും. 68336 വോട്ടര്‍മാരാണ് 40 വയസ്സിന് താഴെയുള്ളവര്‍.