'ഈ ലോകം പെൺകുട്ടികളുടേത്‌ കൂടിയാണ്, ഈ സർക്കാർ പെണ്ണുങ്ങൾ അടക്കം എല്ലാവരുടേയും'; നിഹാരയെ ചേർത്തുപിടിച്ച് വി ശിവൻകുട്ടി

വൈകാരിക ഫേസ്ബുക്ക് കുറിപ്പുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കണ്ണൂർ ചെറുതാഴം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴുണ്ടായ അനുഭവമാണ് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവെച്ചത്. ഈ ലോകം പെൺകുട്ടികളുടേത്‌ കൂടിയാണെന്നും ഈ സർക്കാർ പെണ്ണുങ്ങൾ അടക്കം എല്ലാവരുടേയുമാണെന്നും മന്ത്രി കുറിച്ചു.

കണ്ണൂർ ചെറുതാഴം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനാനെത്തിയപ്പോൾ നിഹാര എന്ന കുട്ടി വരച്ച തന്റെ ചിത്രവുമായി അടുത്തേക്ക് വന്നുവെന്ന് മന്ത്രി കുറിച്ചു. ആ ചിത്രം വാങ്ങി അഭിനന്ദിച്ചതിന് പിന്നാലെ ആ കുട്ടി കരഞ്ഞു. പിന്നീട് ആ കുട്ടിയെ ആശ്വസിപ്പിച്ചുവെന്നും ചിരിപടർത്തിയാണ് വിട്ടതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പെണ്ണുങ്ങൾ കിരീടവുമേന്തി ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ നിഹാര മോൾ എന്തിന് കരയണം…!!
കണ്ണൂർ ചെറുതാഴം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനാണ് ഞാൻ എത്തിയത്. കുഞ്ഞുങ്ങൾ സ്വാഗത ഗാനം വേദിയിൽ ആലപിക്കുന്നു. അപ്പോഴാണ് നിഹാര വരച്ച എന്റെ ചിത്രവുമായി അടുത്തേക്ക് എത്തുന്നത്. ഞാനാ ചിത്രം സ്വീകരിച്ചു. നല്ല ചിത്രമെന്ന് പറഞ്ഞ് നിഹാരയെ അഭിനന്ദിച്ചു. ആ കൊച്ചുകുഞ്ഞ് കരയാൻ തുടങ്ങി. എന്തിനാ മോളേ കരയുന്നേ എന്ന് ചോദിച്ച് ആശ്വസിപ്പിച്ചു; ചേർത്തു നിർത്തി. അവളിൽ ചിരി തെളിയിച്ചേ വിട്ടുള്ളൂ. മോളേ, ഈ ലോകം പെൺകുട്ടികളുടേത്‌ കൂടിയാണ്, ഈ സർക്കാർ പെണ്ണുങ്ങൾ അടക്കം എല്ലാവരുടേയും.

Read more