'ദുരിതാശ്വാസ ക്യാംപുകളിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കേണ്ട സമയമാണ് ഇനിയുള്ളത്';നിലപാട് തിരുത്തി തിരുവനന്തപുരം കളക്ടര്‍

സംസ്ഥാനം  മഴക്കെടുതിയില്‍പെട്ട് ദുരിതമനുഭവിക്കുമ്പോള്‍ നിരുത്തരവാദിത്തപരമായി പെരുമാറിയെന്ന ആരോപണം ഉയര്‍ന്ന തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണ പൈ നിലപാട് മാറ്റി ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടു. മഴക്കെടുതിയില്‍ വലയുന്നവര്‍ വടക്കന്‍ കേരളത്തിലേക്ക് ഇപ്പോള്‍ തത്കാലം അവശ്യസാധനങ്ങള്‍ എത്തിക്കേണ്ട എന്ന കളക്ടറുടെ നിലപാട് വിവാദത്തിലായതിന് പിന്നാലെയാണ് കളക്ടറുടെ ഇപ്പോഴത്തെ പോസ്റ്റ്.

മുന്‍ കളക്ടര്‍ ഡോ. വാസുകിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം പ്രളയബാധിത പ്രദേശങ്ങളിലേക്ക് സാധനങ്ങള്‍ എത്തിച്ചിരുന്നു. പുതിയ കളക്ടറുടെ നിലപാടിനോട് കടുത്ത ഭാഷയിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

കളക്ടറുടെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ്,

കേരളം അഭിമുഖീകരിക്കുന്ന വലിയ മഴക്കെടുതിയെ നേരിടാന്‍ നമുക്ക് ഒന്നിച്ചു മുന്നിട്ടിറങ്ങാം. കഴിഞ്ഞ പ്രളയകാലത്ത് തിരുവനന്തപുരം കേരളത്തിന്റെ സഹായ ഹബ്ബായിരുന്നു. അതുപോലെയാകണം ഇനിയും നമ്മള്‍.ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീമിനെ മലപ്പുറം, വയനാട് ജില്ലകളിലേക്ക് അയച്ച് കഴിഞ്ഞു.

ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കേണ്ട സമയമാണ് ഇനിയുള്ളത്.നമ്മളാല്‍ കഴിയുന്ന തെല്ലാം അവര്‍ക്ക് എത്തിച്ചു നല്‍കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം. തിരുവനന്തപുരം ജില്ലയില്‍ കളക്ഷന്‍ സെന്ററുകളിലേക്ക് നിങ്ങളാല്‍ കഴിയാവുന്ന അവശ്യ വസ്തുക്കള്‍ എത്തിക്കാം. നിത്യജീവിതത്തിന് ആവശ്യമുള്ളതെന്തും സഹായമായി എത്തിക്കാന്‍ എല്ലാവരും മുന്നോട്ട് വരണം. അതിജീവനത്തിന്റെ കരങ്ങള്‍ നീട്ടി തിരുവനന്തപുരം ഇത്തവണയും മുന്നില്‍ത്തന്നെയുണ്ടാകട്ടെ.

നമുക്ക് ഒന്നിച്ചിറങ്ങാം, ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി…

Read more

https://www.facebook.com/collectortvpm/posts/2307208016261393