85 രൂപയ്ക്ക് ചിക്കന്‍ നല്‍കാമെന്ന് പറഞ്ഞ സാമ്പത്തിക വിദഗ്ധന്‍ ഇവിടെ ഉണ്ടായിരുന്നു; തോമസ് ഐസക്കിനെ പരിഹസിച്ച് റോജി എം. ജോണ്‍

സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുന്നത് സംബന്ധിച്ച് നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തില്‍ മുന്‍ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ തോമസ് ഐസകിനെ പരിഹസിച്ച് എംഎല്‍എ റോജി എം ജോണ്‍. സര്‍ക്കാരിന്റെ കേരള ചിക്കന്‍ പദ്ധതിയെ പരാമര്‍ശിച്ചാണ് പരിഹസിച്ചത്.

ഇന്ന് ചിക്കന് വില 155 രൂപ മുതല്‍ 160 രൂപവരെയാണ്. കേരളത്തില്‍ 85 രൂപയ്ക്ക് കെ ചിക്കന്‍ കൊടുക്കുമെന്ന് പറഞ്ഞ ഒരു സാമ്പത്തിക വിദഗ്ധന്‍ സഭയില്‍ ഉണ്ടായിരുന്നു എന്നുമാണ് എംഎല്‍എ പറഞ്ഞത്. തോമസ് ഐസക്കിന്റെ പേരെടുത്ത് പറയാതെയായിരുന്നു പരാമര്‍ശം.

2017ലാണ് അന്നത്തെ ധനമന്ത്രി ആയിരുന്ന തോമസ് ഐസക് ഒരു കിലോ ചിക്കന് 87 രൂപയ്ക്ക് മുകളില്‍ വില ഈടാക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചത്. 87 രൂപയ്ക്ക് മുകളില്‍ കോഴി വില്‍ക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നുമായിരുന്നു ധനമന്ത്രി അറിയിച്ചത്. ജി.എസ്.ടിയുടെ പേരില്‍ കൊള്ളലാഭം ഇടാക്കാന്‍ അനുവദിക്കില്ല. അതിന് ശ്രമിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും തോമസ് ഐസക് അറിയിച്ചരുന്നു.

അതേസമയം കേരളത്തില്‍ വിലക്കയറ്റം രൂക്ഷമാകുകയാണ്. മലയാളികള്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ പോയി പച്ചക്കറികള്‍ വാങ്ങേണ്ട സാഹചര്യമാണ് നിലവില്‍ ഉള്ളത് എന്നും വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ഒന്നും സ്വീകരിക്കുന്നില്ലെന്നും എംഎല്‍എ കുറ്റപ്പെടുത്തി. മനുഷ്യരുടെ ഭക്ഷണത്തിന് മാത്രമല്ല, കന്നുകാലികള്‍ കഴിക്കുന്ന സാധനങ്ങള്‍ക്കും വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ വിപണിയില്‍ ശക്തമായി ഇടപെടുന്നുണ്ടെന്നും വിലക്കയറ്റത്തിന് കാരണം പെട്രോള്‍, ഡീസല്‍ വില വര്‍ധനയാണെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ മറുപടി നല്‍കി.പൊതു വിപണിയേക്കാള്‍ കുറഞ്ഞ വിലയില്‍ സപ്ലൈകോ ഔട്ട്‌ലെറ്റില്‍ സാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്നും സാധാരണക്കാരെ വിലക്കയറ്റം കാര്യമായി ബാധിക്കുന്നില്ലെന്നും അതിനുകാരണം മറ്റൊരു സംസ്ഥാനവും നടത്താത്ത ഇടപെടല്‍ ഇടത് സര്‍ക്കാര്‍ നടത്തിയതാണെന്നും മന്ത്രി അവകാശപ്പെട്ടു.