'സ്വർണപ്പാളി ചെന്നൈയിൽ കൊണ്ടുപോയതിൽ വീഴ്‌ചയില്ല'; ദേവസ്വത്തിനെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ ആഗോള അയ്യപ്പ സംഗമത്തിന് കിട്ടിയ പിന്തുണയെന്ന് പ്രസിഡന്റ്

ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലെ സ്വർണപ്പാളികൾ സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. സ്വർണപ്പാളി ചെന്നൈയിൽ കൊണ്ടുപോയതിൽ വീഴ്‌ചയില്ലെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ കൈയിൽ പാളികൾ കൊടുത്തുവിട്ടിട്ടില്ല. ഉണ്ണികൃഷ്ണന് പോറ്റിയോട് ചെന്നൈയിൽ വരാനാണ് ആവശ്യപ്പെട്ടത്. 12 പാളികളാണ് കൊണ്ടുപോയത്.

ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ പേരിലാണ് 40 വർഷത്തെ വാറൻ്റി ഉള്ളത്. അതുകൊണ്ടാണ് അദ്ദേഹത്തെ കൂട്ടേണ്ടിവന്നത്. ഇത്തരം അവതാരങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. സ്വർണപ്പാളിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ സുവർണാവസരമായി പ്രതിപക്ഷവും ബിജെപിയും ഉപയോഗിക്കുകയാണെന്ന് പ്രശാന്ത് ആരോപിച്ചു.

ആഗോള അയ്യപ്പ സംഗമത്തിന് എല്ലാ മേഖലയിൽനിന്നും കിട്ടിയ പിന്തുണ കാരണമാണ് ദേവസ്വം ബോർഡിനെതിരെ ആരോപണങ്ങളുയർത്തുന്നതിന് പിന്നിലെന്നും പ്രശാന്ത് പറഞ്ഞു. 1998 മുതലുള്ള ദേവസ്വവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സമഗ്രാന്വേഷണം നടത്താൻ ഹൈക്കോടതിയിൽ സർക്കാർ ആവശ്യപ്പെടുമെന്നും പ്രശാന്ത് പറഞ്ഞു.

Read more