ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്ന് സുധാകരന്‍, പിന്തുണ ഖാര്‍ഗെക്കെന്ന് ചെന്നിത്തല; നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായം

കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കുമെന്നതില്‍ സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായം. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്നും ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്നും കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. അതേസമയം പിന്തുണ ഖാര്‍ഗെക്കാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഹൈക്കമാന്‍ഡിന് സ്ഥാനാര്‍ത്ഥി ഇല്ലെന്ന് നേതൃത്വം വിശദീകരിച്ചതോടെ കൂടുതല്‍ പിന്തുണ കിട്ടുമെന്നാണ് തരൂരിന്റെ പ്രതീക്ഷ. യുവനിരയാണ് തരൂരിനെ പിന്തുണച്ച് കൂടുതല്‍ രംഗത്തുള്ളത്. എന്നാല്‍ എകെ ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ഖാര്‍ഗെയ്ക്ക് തന്നെയാണ്.

ഇന്നാണ് നാമനിര്‍ദശ പത്രിക പിന്‍വലിക്കാനുളള അവസാന ദിവസം. ശശി തരൂരും മല്ലികാര്‍ജ്ജുന ഖാര്‍ഗെയുമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുന്നവരില്‍ പ്രമുഖര്‍ . ഹൈക്കമാന്‍ഡിന്റെയും ജി- 23 നേതാക്കളുടെയും പിന്തുണയോടൊണ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ മല്‍സരിക്കുന്നത്.