ആ കാത്തിരിപ്പിന് അവസാനം, അർജന്‍റീന ടീം നവംബറിൽ കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് സ്പോൺസര്‍

ആരാധകർക്ക് നിരാശ സമ്മാനിച്ച് മെസിപ്പട കേരളത്തിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾക്ക് അവസാനം. അർജന്‍റീന ടീം നവംബറിൽ കേരളത്തിലേക്കില്ല. സ്ഥിരീകരിച്ച് സ്പോൺസര്‍ രംഗത്തെത്തി. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം. അതേസമയം നേരത്തെ നവംബറിൽ അർജന്‍റീന ടീം കേരളത്തിലെത്തുമെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു.

അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും കേരളത്തിലേക്ക് എത്തില്ലെന്ന സ്ഥിരീകരണമാണ് ഇപ്പോൾ വന്നിരിക്കുന്നത്. നവംബർ 17ന് അർജന്റീന കൊച്ചിയിൽ കളിക്കും എന്നായിരുന്നു സർക്കാരും സ്പോൺസറും പറഞ്ഞത്. അതേസമയം, മാർച്ചിൽ മെസ്സി വരുമെന്ന് സ്പോൺസർ പറയുന്നു. എന്നാല്‍, മാർച്ചിൽ വരേണ്ടെന്നാണ് സർക്കാരും സ്പോൺസറും ഇതുവരെ പറഞ്ഞിരുന്നത്.

അതിനിടെ വിഷയത്തില്‍ കേരളത്തെ പഴിക്കുകയാണ് എഎഫ്എ ഭാരവാഹികൾ. കേരളം മത്സരത്തിന് സജ്ജം അല്ലെന്ന് എഎഫ്എ ഭാരവാഹികളെ ഉദ്ധരിച്ച് അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. നിശ്ചിത സമയത്ത് ക്രമീകരണങ്ങൾ പൂർത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അര്‍ജന്‍റീന ടീമിന്‍റെയും മെസിയുടെയും കേരള സന്ദര്‍ശനത്തിൽ കേരള സര്‍ക്കാരിനെതിരെ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ രംഗത്തെത്തിയതിന് പിന്നാലെ രാഷ്ട്രീയ വിവാദവും ഉടലെടുത്തിരുന്നു. പ്രതിപക്ഷം വിഷയം രാഷ്ട്രീയ ആയുധമാക്കി മാറ്റുകയും ചെയ്തിരുന്നു.

Read more